'വനിതാ സംവരണ ബില്ല് കേന്ദ്രത്തിന്റെ ഇവന്റ് മാനേജ്മെന്റ്'; സെന്സസ് എന്ന് നടത്തുമെന്ന് ജയറാം രമേശ്

കേന്ദ്ര നിയമന്ത്രി അര്ജുന് റാം മേഘ്വാള് ആണ് ഇന്ന് ലോക്സഭയില് ബില് അവതരിപ്പിച്ചത്

dot image

ന്യൂഡല്ഹി: വനിതാ സംവരണ ബില്ല് തിരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള കേന്ദ്രത്തിന്റെ 'ഇവന്റ് മാനേജ്മെന്റ്' എന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ്. വനിതാ സംവരണ ബില് ലോക്സഭയില് അവതരിപ്പിച്ചത് പ്രധാനതലക്കെട്ടായെങ്കിലും നിയമം എന്ന് പ്രാബല്യത്തില് വരും എന്നത് സംബന്ധിച്ച് കൃത്യതയില്ലെന്ന് ചൂണ്ടികാട്ടിയാണ് ജയറാം രമേശ് രംഗത്തെത്തിയത്. എക്സിലൂടെയായിരുന്നു പ്രതികരണം.

'തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ കബളിപ്പിക്കലാണിത്. കോടിക്കണക്കിന് ഇന്ത്യന് സ്ത്രീകളുടേയും പെണ്കുട്ടികളുടെ പ്രതിക്ഷയ്ക്ക് മേലുള്ള വഞ്ചനയാണിത്. നമ്മള് നേരത്തെ സൂചിപ്പിച്ചത് പോലെ 2021 ലെ സെന്സസ് കേന്ദ്രസര്ക്കാര് ഇതുവരേയും നടത്തിയിട്ടില്ല. സെന്സസ് സംഘടിപ്പിക്കുന്നതില് പരാജയപ്പെട്ട ജി 20 യിലെ ഏക രാജ്യമാണ് ഇന്ത്യ. സെന്സസ് നടത്തിയ ശേഷം മാത്രമേ വനിതാ സംവരണ ബില് നടപ്പിലാക്കൂവെന്നാണ് കേള്ക്കുന്നത്. എങ്കില് സെന്സസ് എപ്പോള് നടക്കും?. അടുത്ത സെന്സസ് പ്രസിദ്ധീകരിച്ചതിനും അതിനു ശേഷമുള്ള അതിര്ത്തി നിര്ണയത്തിനും ശേഷം മാത്രമേ സംവരണം പ്രാബല്യത്തില് വരികയുള്ളൂവെന്നും ബില്ലില് പറയുന്നുണ്ട്. 2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് സെന്സസും അതിര്ത്തി നിര്ണയവും നടത്തുമോ?. എന്ന് നടപ്പിലാക്കും എന്നതില് അവ്യക്തത നിലനിര്ത്തിയാണ് വനിതാ സംവരണ ബില് ഇന്ന് പ്രധാന തലക്കെട്ടാകുന്നത്. വോട്ട് മുന്നില്കണ്ടുള്ള ഇവന്റ് മാനേജ്മെന്റാണ് ഇത്.' ജയറാം രമേശ് എക്സില് കുറിച്ചു.

കേന്ദ്ര നിയമന്ത്രി അര്ജുന് റാം മേഘ്വാള് ആണ് ഇന്ന് ലോക്സഭയില് ബില് അവതരിപ്പിച്ചത്. അംഗങ്ങള്ക്ക് ഇന്ന് ബില്ലിന്റെ ഹാര്ഡ് കോപ്പി നല്കാത്തതില് പ്രതിപക്ഷം പ്രതിഷേധിച്ചു. കോണ്ഗ്രസിന്റെ നേതൃത്വത്തില് രാജ്യസഭയില് പാസാക്കിയ പഴയ ബില് നിലവിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടാക്കാട്ടി. എന്നാല് ആ ബില് അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്കി. ബില്ലിന് മേലുള്ള ചര്ച്ച ഇന്ന് ഉണ്ടാകില്ല. ലോക്സഭ പിരിഞ്ഞു. നാളെയായിരിക്കും ബില്ലിന്മേലുള്ള ചര്ച്ച.

നാരിശക്തന് വന്ദന് എന്ന പേരില് അവതിരിപ്പിച്ച ബില് അനുസരിച്ച് ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില് പരാമര്ശമില്ല. രാജ്യസഭയിലും നിയമ കൗണ്സിലിലും സംവരണ നിര്ദേശമില്ല.

dot image
To advertise here,contact us
dot image