

റാഞ്ചി: ബിഹാറിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച സ്കോർപിയോ കാർ ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ റാഞ്ചി-പട്ന ഹൈവേയിൽ അപകടത്തിൽപ്പെട്ടു. അപകടത്തിൽ നാല് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 13 പേർ മരിച്ചു, പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ദേശീയ പാത 33 ൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. സ്കോർപിയോയിൽ യാത്ര ചെയ്തിരുന്ന 14 പേരും ബിഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമത്തിൽ നിന്നുള്ളവരാണ്. രാജ്രപ്പയിലേക്ക് തീർത്ഥാടനത്തിന് പോകുമ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അപകടത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. തകർന്ന വാഹനത്തിൽ നിന്ന് ആളുകളെ പുറത്തെടുക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനും അവർ സഹായിച്ചു. പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. '13 പേർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരണപ്പെട്ടു, പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്,' പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജാർഖണ്ഡിലെ ഒരു മാസത്തിനുള്ളിൽ സംഭവിക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ഏതാനും അഴ്ച്കൾക്ക് മുൻപാണ് ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ അമിതവേഗതയിൽ വന്ന ഒരു ട്രെയിലർ ട്രക്ക് ഒരു കൂട്ടം ആളുകളിലേക്ക് ഇടിച്ചുകയറി നാല് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ ഏഴ് പേർ മരിച്ചത്. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.
Content Highlights: Thirteen pilgrims from Bihar, including four children and four women, were killed after a Scorpio crashed on the Ranchi-Patna highway in Jharkhand.