പ്രതിപക്ഷ ഐക്യത്തില്‍ വീണ്ടും വിള്ളല്‍? ജെഎംഎം മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണച്ചേക്കും

ബില്ലുകള്‍ വിശദമായി പരിശോധിച്ച ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്

പ്രതിപക്ഷ ഐക്യത്തില്‍ വീണ്ടും വിള്ളല്‍? ജെഎംഎം മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണച്ചേക്കും
representative image
dot image

റാഞ്ചി: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് പുതിയ തിരിച്ചടി. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ബില്ലിനെ പിന്തുണച്ചേക്കുമെന്നാണ് സൂചനകള്‍. ഡീലിമിറ്റേഷന്‍ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ കാണാനും നിലപാട് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടാനുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

ജെഎംഎം ഡിലിമിറ്റേഷന്‍, വനിതാ സംവരണ ബില്ലുകള്‍ സംബന്ധിച്ച് അന്തിമ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ബില്ലുകള്‍ വിശദമായി പരിശോധിച്ച ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്. ജാര്‍ഖണ്ഡിന്റെ താല്‍പര്യങ്ങള്‍ക്കും സംസ്ഥാനത്തിന്റെ പാര്‍ലമെന്റിലെ പ്രാതിനിധ്യത്തിനും നിര്‍ദേശങ്ങള്‍ എങ്ങനെ ബാധിക്കുമെന്നത് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. എന്നാല്‍ ജെഎംഎം കേന്ദ്രത്തിന്റെ നിര്‍ദേശത്തെ പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. ഹേമന്ത് സോറന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ജെഎംഎം എംപിമാരുടെ യോഗം ചേര്‍ന്നു. സംസ്ഥാനത്തിന്റെ പാര്‍ലമെന്റിലെ പ്രാതിനിധ്യവും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളുടെ എണ്ണവും പ്രധാനമായും പരിശോധിച്ചു. വെള്ളിയാഴ്ച രാത്രി മാത്രമാണ് ബില്ലുകളുടെ പകര്‍പ്പ് ലഭിച്ചതെന്നും എംപിമാര്‍ വിശദമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും രാജ്യസഭാ എംപി മഹുവ മാജി പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായവും മുഖ്യമന്ത്രി തേടുമെന്നും അവര്‍ വ്യക്തമാക്കി.

യോഗത്തില്‍ രാജ്യസഭാ എംപിമാരായ സര്‍ഫ്രാസ് അഹമ്മദ്, ബൈദ്യനാഥ് റാം, ലോക്‌സഭാ എംപിമാരായ വിജയ് ഹന്‍സ്ദാക്, ജോബ മാഞ്ചി, നളിന്‍ സോറന്‍ എന്നിവര്‍ പങ്കെടുത്തു. ജെഎംഎമ്മിന് ആറ് എംപിമാരാണുള്ളത്. ലോക്‌സഭയിലും രാജ്യസഭയിലും മൂന്ന് വീതമാണ് എംപിമാര്‍. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുന്‍ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റാലിനെ കാണാന്‍ ചെന്നൈയിലെത്തി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി എന്നിവരും സംഘത്തിലുണ്ട്. ബില്ലിനെതിരെ പിന്തുണ ഉറപ്പാക്കാന്‍ എന്‍സിപി (ശരദ് ചന്ദ്ര പവാര്‍) അധ്യക്ഷന്‍ ശരദ് പവാറിനെ കാണുന്നതിനായി സംഘം മുംബൈയിലേക്കും പോകും.

ഡിലിമിറ്റേഷന്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായ ഈ തീരുമാനത്തില്‍ മാറ്റം വരുത്താനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടരുകയാണ്. ഡിഎംകെയുടെ നിലപാട് ഖര്‍ഗെയെ അറിയിച്ചിട്ടുണ്ടെന്ന് എംപി കനിമൊഴി വ്യക്തമാക്കി. ലോക്‌സഭയില്‍ 22 അംഗങ്ങളും രാജ്യസഭയില്‍ എട്ട് അംഗങ്ങളുമുള്ള ഡിഎംകെയുടെ തീരുമാനം ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷ നീക്കങ്ങളില്‍ നിര്‍ണായകമാണ്.

Content Highlights: Congress efforts to unite opposition parties against the delimitation bill face a setback as the Hemant Soren-led Jharkhand Mukti Morcha is reportedly considering supporting the legislation. The development comes as Congress leaders travel to Chennai to meet DMK chief MK Stalin and persuade the party to reconsider its decision to back the bill, amid growing efforts to strengthen opposition unity.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us