

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബിൽ നാളെ പാര്‍ലമെന്റില്‍ വോട്ടിനിടും. ലോക്സഭയില്‍ 371 എംപിമാരുടെ പിന്തുണ ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ബിജെപി സഖ്യകക്ഷികളും നിര്‍ദേശത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് പാര്‍ട്ടികളും ഉള്‍പ്പെടെയാണ് 371 എംപിമാരുടെ പിന്തുണയുണ്ടാവുമെന്ന് കണക്കാക്കുന്നത്.
ഭരണഘടനാ ഭേദഗതി പാസാക്കാന്‍ 360 വോട്ടുകളാണ് വേണ്ടത്. നാളെ വോട്ടെടുപ്പില്‍ 540 എംപിമാര്‍ പങ്കെടുക്കുകയാണെങ്കില്‍ നിലവിലെ കണക്കനുസരിച്ച് സര്‍ക്കാരിന് 11 വോട്ടിന്റെ അധിക പിന്തുണയുണ്ടാകും. ഭരണഘടനാ ഭേദഗതി പാസാകാന്‍ സഭയുടെ ആകെ അംഗസംഖ്യയുടെ ഭൂരിപക്ഷവും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ മൂന്നില്‍ രണ്ട് പേരുടെ പിന്തുണയും ആവശ്യമാണ്. രാജ്യസഭയിലും ബില്‍ പ്രത്യേകം പാസാകണം.
മണ്ഡല പുനര്‍നിര്‍ണയം എപ്പോള്‍ മുതല്‍
ബില്‍ പാസാവുകയാണെങ്കില്‍ ലോക്സഭാ മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും ഒരേ നടപടിയിലൂടെ പുനര്‍നിര്‍ണയിക്കാനാണ് നിര്‍ദേശം. കമ്മീഷന് പുതിയ മണ്ഡല അതിര്‍ത്തികളുടെ കരട് പ്രസിദ്ധീകരിക്കുകയും പരാതികളും എതിര്‍പ്പുകളും പരിഗണിക്കുകയും പൊതുഹിയറിങ്ങുകള് നടത്തുകയും ചെയ്യും. ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുമുതല്‍ രണ്ടര വര്‍ഷം വരെ വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍.
ജനസംഖ്യാ മാറ്റങ്ങള്‍ക്കനുസരിച്ച് മണ്ഡല അതിര്‍ത്തികള്‍ കാലാനുസൃതമായി പുനര്‍നിര്‍ണയിക്കണമെന്ന് ഭരണഘടനയുടെ 81, 82 അനുച്ഛേദങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഡീ ലിമിറ്റേഷന്‍ കമ്മീഷന്റെ അന്തിമ ഉത്തരവുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമപ്രാബല്യം ലഭിക്കും. തുടര്‍ന്ന് ലോക്സഭയിലും ബന്ധപ്പെട്ട നിയമസഭകളിലും അവതരിപ്പിക്കും.

നവംബർ 30 തിങ്കളാഴ്ച പരിഗണിച്ച് പാസാക്കുന്നതിനായി മൂന്ന് ബില്ലുകളാണ് ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ (132-ാം ഭേദഗതി) ബിൽ 2026, മണ്ഡല പുനർനിർണയ (രണ്ടാം) ബിൽ, 2026 എന്നിവ നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിക്കും. ഡൽഹി, പുതുച്ചേരി, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ നിയമസഭകളിൽ വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള പുതുക്കിയ കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ഏപ്രിലിൽ അവതരിപ്പിച്ച അനുബന്ധ ബില്ലുകൾ പിൻവലിച്ച് പുതുക്കിയ ബില്ലുകൾ ഒരുമിച്ച് പരിഗണിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഡിസംബർ രണ്ടിന് രാജ്യസഭ വീണ്ടും സമ്മേളിക്കും. ഇരുസഭകളുടെയും സമ്മേളനം ഡിസംബർ മൂന്നിന് അവസാനിച്ചേക്കും.
Content Highlights: Parliament to vote on the Delimitation and Women's Reservation Bill, with the Centre expecting support from 371 MPs