

കരിംനഗര്‍: ബിആര്‍എസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡോ ബാബാ സാഹേബ് അംബേദ്കര്‍ തെലങ്കാന സെക്രട്ടേറിയറ്റിന് മുന്നില്‍ സ്ഥാപിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ മാറ്റി തെലങ്കാന തല്ലി (പ്രദേശിയ ദേവതയാണ്) പ്രതിമ സ്ഥാപിക്കുമെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമറാവു. 500 ദിവസത്തിനകം കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍) വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കരീംനഗറില്‍ ഞായറാഴ്ച നടന്ന ദീക്ഷാ ദിവസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെടിആര്‍. തെലങ്കാന തല്ലി പ്രതിമ സ്ഥാപിക്കാനായി കണ്ടെത്തിയ സ്ഥലത്താണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ബിആര്‍എസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജീവ് ഗാന്ധിയുടെ പ്രതിമ ഗാന്ധി ഭവനിലേക്ക് മാറ്റുമെന്നും അതേ സ്ഥലത്ത് തെലങ്കാന തല്ലി പ്രതിമ സ്ഥാപിക്കുമെന്നും കെടിആര്‍ വ്യക്തമാക്കി.
രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും പേരുകളില്‍ ജലസേചന പദ്ധതികളും അനുബന്ധ സംവിധാനങ്ങളും പുനര്‍നാമകരണം ചെയ്യാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്നും കെടിആര്‍ ആരോപിച്ചു. കാളേശ്വരം, ലക്ഷ്മി ബാരേജ്, സരസ്വതി ബാരേജ്, ഗായത്രി പമ്പ് ഹൗസ് തുടങ്ങിയവയുടെ പേരുകള്‍ മാറ്റാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ബിആര്‍എസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പദ്ധതികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. തെലങ്കാനയിലെ ഒരു പദ്ധതിക്കും കോണ്‍ഗ്രസ് നേതാക്കളുടെ പേരുണ്ടാകില്ലെന്നും രാമറാവു പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രത്യേകിച്ച് പൊലീസുകാരും പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും അഹങ്കാരത്തോടെ പെരുമാറുന്നുവെന്നും ബിആര്‍എസ് നേതാവ് വിമര്‍ശിച്ചു. ബിആര്‍എസ് വീണ്ടും അധികാരത്തിലെത്തുമെന്നും കെസിആര്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കെസിആറിനെപ്പോലെ താന്‍ മൃദുസമീപനം സ്വീകരിക്കില്ലെന്നും പാര്‍ട്ടിയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കെടിആര്‍ പറഞ്ഞു. 500 ദിവസത്തിനകം കെസിആര്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ആവര്‍ത്തിച്ച രാമറാവു, അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്നും കൂട്ടിച്ചേർത്തു.
Content Highlights: BRS working president KT Rama Rao has announced that the party will replace the Rajiv Gandhi statue outside the Dr BR Ambedkar Telangana Secretariat with a Telangana Thalli statue if it returns to power. He claimed K Chandrashekar Rao would become Chief Minister again within 500 days. Speaking at Deeksha Divas in Karimnagar, KTR alleged that the Congress government installed Rajiv Gandhi's statue at a location originally identified for Telangana Thalli and said it would be shifted to Gandhi Bhavan if BRS regains power.