

ലഖ്നൗ: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിടുന്ന ബിജെപിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വലിയ തലവേദനയായി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കുകൾ. മണ്ഡലം തിരിച്ചുള്ള വോട്ടുനില പരിശോധിച്ചപ്പോൾ, നിലവിൽ ബിജെപിക്ക് എംഎൽഎമാരുള്ള 256 നിയമസഭാ മണ്ഡലങ്ങളിൽ 156 ഇടത്ത് മാത്രമാണ് പാർട്ടിക്ക് ലീഡ് നേടാനായത്. 99 സിറ്റിംഗ് സീറ്റുകളിൽ പാർട്ടി പിന്നാക്കം പോയി എന്ന കണക്കുകൾ ബിജെപ്പിക്ക് തിരിച്ചടിയാണ്.
യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ നിരവധി പ്രമുഖ മന്ത്രിമാരുടെ സ്വന്തം മണ്ഡലങ്ങളിൽ പോലും ബിജെപിക്ക് ലീഡ് നേടാനായില്ലെന്നത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതേസമയം, പ്രതിപക്ഷമായ സമാജ്വാദി പാർട്ടി തങ്ങളുടെ സിറ്റിംഗ് സീറ്റുകളിൽ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എസ്പിക്ക് എംഎൽഎമാരുള്ള 111 മണ്ഡലങ്ങളിൽ 100 ഇടത്തും അവർ വ്യക്തമായ ലീഡ് നേടി. വെറും 11 സീറ്റുകളിൽ മാത്രമാണ് അവർ പിന്നിലായത്. സംസ്ഥാനത്താകെ 220 ലധികം നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നേടാൻ എസ്പി-കോൺഗ്രസ് സഖ്യത്തിന് കഴിഞ്ഞിരുന്നു.
എൻഡിഎയിലെ സഖ്യകക്ഷികളെയും ഈ കണക്കുകൾ പ്രതിരോധത്തിലാക്കുന്നുണ്ട്. അപ്നാ ദൾ പാർട്ടിയുടെ ആറ് എംഎൽഎമാരുടെ മണ്ഡലങ്ങളിലും എൻഡിഎ പിന്നിലായി. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി, നിഷാദ് പാർട്ടി എന്നിവരുടെ മണ്ഡലങ്ങളിലും സഖ്യത്തിന് മേൽക്കൈ നേടാനായില്ല.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 80 സീറ്റുകളിൽ എസ്പി 37 സീറ്റും കോൺഗ്രസ് 6 സീറ്റും നേടി ഇന്ത്യ സഖ്യം 43 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ, ബിജെപി 33 സീറ്റുകളിലേക്ക് ഒതുങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഈ മോശം പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനത്തോളം സിറ്റിംഗ് എംഎൽഎമാർക്ക് ബിജെപി സീറ്റ് നിഷേധിച്ചേക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഈ വാർത്തകളോട് പ്രതികരിച്ച ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, തീരുമാനങ്ങൾ കൂട്ടായ ചർച്ചകളിലൂടെ മാത്രമേ എടുക്കുകയുള്ളൂവെന്ന് വ്യക്തമാക്കി.

'എൻ്റെ പാർട്ടി ഏതെങ്കിലും ഒരു കുടുംബത്തിൻ്റെയോ വ്യക്തിയുടെയോ ദമ്പതികളുടെയോ പാർട്ടിയല്ല. എല്ലാ തീരുമാനങ്ങളും കൂട്ടായാണ് എടുക്കുന്നത്. ജില്ലാ അധ്യക്ഷന്മാർക്കും മേഖലാ അധ്യക്ഷന്മാർക്കും ഇതിൽ നിർണ്ണായക പങ്കുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങൾ തേടിയ ശേഷമേ തീരുമാനമുണ്ടാകൂ,' പങ്കജ് ചൗധരി പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയിക്കുക എന്നതാണ് പാർട്ടിയുടെ പ്രഥമ ലക്ഷ്യമെന്നും, അതിനാൽ 40 ശതമാനമോ 20 ശതമാനമോ സീറ്റുകൾ വെട്ടിക്കുറയ്ക്കുമെന്ന് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ സ്ഥാനാർത്ഥിയുടെയും പ്രകടനം പാർട്ടിയുടെ വിവിധ വേദികളിൽ കൃത്യമായി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: After BJP's poor performance in the 2024 Lok Sabha elections in Uttar Pradesh, speculation grows over dropping sitting MLAs. State chief Pankaj Chaudhary says candidate decisions will be collective.