

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ് - ഇ - ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ എഐഎംഐഎം ആസാദ് സമാജ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിക്കുകയും അഖിലേഷിനെ നിരന്തരം വിമര്‍ശിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എസ്പി അധ്യക്ഷന്‍ തിരിച്ചടിച്ചത്. ഉവൈസി മറ്റാരുടെയോ ഏജന്റ് ആണെന്നും മറ്റെവിടെ നിന്നോ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഖിലേഷ് പറഞ്ഞു.

'തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇവിടെയെത്തുന്ന പൊളിറ്റിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണവും കൂടി വരികയാണ്,' ആഗ്രയില്‍ നടന്ന 'ദളിത് മഹാസമ്മേളന്‍' എന്ന പരിപാടിയില്‍ അഖിലേഷ് യാദവ് പറഞ്ഞു. അദ്ദേഹത്തിനുള്ള ഒടിപി മറ്റെവിടെ നിന്നോ ആണ് വരുന്നത്. അദ്ദേഹം മറ്റാരുടെയോ വക്താവായി മാറിയിരിക്കുകയാണ്,' എസ്പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം പൊളിറ്റിക്കല്‍ ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്ന ചരടുകള്‍ മറ്റാരുടെയൊക്കെയോ കൈകളിലാണ്. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണണെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.

ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്കൊപ്പം സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ചയെന്ന പേരില്‍ പുതിയ രാഷ്ട്രീയ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അഖിലേഷിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. ഈ മൂന്നാം മുന്നണി ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന നിരീക്ഷണങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയെ പരമ്പരാഗതമായി സഹായിച്ചുപോന്നിരുന്ന ദളിത്-മുസ്‌ലിം വോട്ടുകളില്‍ പുതിയ സഖ്യം പിളര്‍പ്പുണ്ടാക്കുമെന്നും, ഇത് ബിജെപിയെ സഹായിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ മാത്രമാണ് ഈ സഖ്യം രൂപീകരിച്ചതെന്ന് മുതിര്‍ന്ന എസ്പി നേതാവ് ശിവ്പാല്‍ സിങ് യാദവും ആരോപിച്ചിരുന്നു. ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനും പകരം പുതിയൊരു മുസ്‌ലിം-ദളിത് രാഷ്ട്രീയ ബദലാണ് മുന്നോട്ടുവെക്കുന്നതെന്ന് ഉവൈസി നേരത്തെ അവകാശപ്പെട്ടിരുന്നു.
'ഇനിയൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് മുന്നിലും ഞങ്ങള്‍ തലകുനിക്കില്ല, ആരോടും യാചിക്കുകയുമില്ല, ആര്‍ക്കും ഇനി പായ വിരിച്ചു കൊടുക്കുകയുമില്ല' ഹൈദരാബാദ് എംപി കൂടിയായ ഉവൈസി പറഞ്ഞു. നഗീന എംപിയായ ചന്ദ്രശേഖര്‍ ആസാദാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉവൈസി പ്രഖ്യാപിച്ചു. 'അസദുദ്ദീന്‍ ഉവൈസി എന്തിനാണ് ചന്ദ്രശേഖര്‍ ആസാദുമായി കൈകൊടുത്തത് എന്ന് ആളുകള്‍ എന്നോട് ചോദിക്കുന്നു. ഞാന്‍ വെറുതെ കൈകൊടുക്കുക മാത്രമല്ല ചെയ്തത്, ഞങ്ങളുടെ ഹൃദയങ്ങള്‍ ഒന്നിക്കുകയാണ് ചെയ്തത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Ahead of the UP Assembly elections, Akhilesh Yadav has launched a sharp attack against Asaduddin Owaisi.