

വാഹനാപകടത്തിൽ മൂന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട പ്രവാസി മലയാളി സിദ്ദീഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ കുടുംബത്തെ സന്ദർശിച്ച് യുഎഇ പ്രസിഡൻഷ്യൽ കോർട്ട് ഉപാധ്യക്ഷൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കുടുംബാംഗങ്ങളെ നേരിൽക്കണ്ട് അദ്ദേഹം അനുശോചനം അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ച് ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു.
ഫുജൈറയിലുണ്ടായ അപകടത്തിലാണ് മലപ്പുറം സ്വദേശി സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മിൽ, മിസ്ന ജുബിൻ, കൊച്ചുമകൻ മുഹമ്മദ് ഫായിസ് എന്നിവർ മരിച്ചത്. കുടുംബത്തെ സന്ദർശിച്ച ശൈഖ് തിയാബ് ബന്ധുക്കൾക്ക് ആശ്വാസം പകർന്നു. ആശുപത്രികളിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. നേരത്തെ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖിയും സിദ്ദീഖിനെയും കുടുംബാംഗങ്ങളെയും നേരിൽക്കണ്ട് അനുശോചനം അറിയിച്ചിരുന്നു.
വ്യാഴാഴ്ച ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ വൻ വാഹനാപകടത്തിൽ 14 പേരാണ് മരിച്ചത്. അടുത്തകാലത്ത് യുഎഇയിലുണ്ടായ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണിത്. മരിച്ചവരിൽ 10 പേർ യുഎഇ സ്വദേശികളും നാല് പേർ ഇന്ത്യക്കാരുമാണ്. ആദ്യ അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനായി റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് പിന്നാലെയെത്തിയ വാഹനങ്ങൾ ഇടിച്ചുകയറിയാണ് രണ്ടാമത്തെ വലിയ അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Content Highlights: Sheikh Theyab bin Mohamed bin Zayed Al Nahyan visited the Malayali family of Siddique Thuppilikkatt Moitheen in Fujairah and expressed his support.