പൊതു മാധ്യമങ്ങളെ സർക്കാരിന് കീഴിൽ കൊണ്ടുവരാൻ നീക്കം: ചെക്ക് റിപ്പബ്ലിക്കിൽ പ്രതിഷേധം

മാറ്റങ്ങള്‍ മാധ്യമ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തിയേക്കുമെന്ന് വിമര്‍ശകര്‍ ആശങ്കപ്പെടുന്നു

പൊതു മാധ്യമങ്ങളെ സർക്കാരിന് കീഴിൽ കൊണ്ടുവരാൻ നീക്കം: ചെക്ക് റിപ്പബ്ലിക്കിൽ പ്രതിഷേധം
dot image

പ്രാഗ്: പൊതു മാധ്യമങ്ങളുടെ ധനസഹായ രീതിയില്‍ കണ്ടുവരാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാറ്റങ്ങള്‍ക്കെതിരെ ചെക്ക് റിപ്പബ്ലിക്കില്‍ പ്രതിഷേിഷേധം. തലസ്ഥാനത്ത് പതിനായിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഈ മാറ്റങ്ങള്‍ മാധ്യമ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തിയേക്കുമെന്ന് വിമര്‍ശകര്‍ ആശങ്കപ്പെടുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പ്രാഗിലെ ലെറ്റ്ന പാര്‍ക്കിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ചെക്ക് ടെലിവിഷനില്‍ പതിറ്റാണ്ടുകളായി കുട്ടികള്‍ക്കുള്ള രാത്രികാല ഉറക്കസമയ കഥകള്‍ അവതരിപ്പിക്കുന്ന ഒരു ആനിമേറ്റഡ് കഥാപാത്രത്തോടുള്ള ആദരസൂചകമായി, ചില പ്രക്ഷോഭകര്‍ പത്രക്കടലാസുകള്‍ മടക്കി ഉണ്ടാക്കിയ കൂര്‍ത്ത തൊപ്പികള്‍ ധരിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായ 1989-ലെ 'വെല്‍വെറ്റ് വിപ്ലവം' അനുസ്മരിക്കുന്ന നവംബര്‍ 17-ലെ അവധി ദിവസത്തിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ, വലിയൊരു ജനക്കൂട്ടം എത്തുമെന്ന് പ്രാദേശിക അധികൃതര്‍ പ്രതീക്ഷിച്ചിരുന്നു. ഈ വിപ്ലവമാണ് വിമത നാടകകൃത്തായ വാക്ലാവ് ഹാവലിനെ അധികാരത്തിലെത്തിച്ചത്. കഴിഞ്ഞ മാസം അവതരിപ്പിച്ച നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പ്രകാരം, ഓരോ വീട്ടില്‍ നിന്നും ഈടാക്കുന്ന നിലവിലെ പ്രതിമാസ ഫീസായ 205 ക്രൗണ്‍ (9.45 ഡോളര്‍) ഒഴിവാക്കി, പകരം സര്‍ക്കാര്‍ ബജറ്റില്‍ നിന്ന് ഫണ്ട് നല്‍കാനാണ് ശതകോടീശ്വരനായ പ്രധാനമന്ത്രി ആന്ദ്രേ ബാബിഷിന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഈ മാറ്റം മാധ്യമങ്ങളെ സര്‍ക്കാരിനെ കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുകയും, അതുവഴി മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുകയുമാണ് ചെയ്യുകയെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഈ പദ്ധതി എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തെയോ പരിപാടികളുടെ ഉള്ളടക്കത്തെയോ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഈ ബില്‍ പാര്‍ലമെന്റില്‍ പ്രാഥമിക വോട്ടെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. ഇനി ഇതിന്മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഈ നിര്‍ദ്ദേശത്തിനെതിരെ ജൂണ്‍ മുതല്‍ പ്രക്ഷേപണ മേഖലയിലെ ജീവനക്കാര്‍ സമരത്തിലാണ്. ഈ മാസം ആദ്യം പൊതുമാധ്യമ ജീവനക്കാര്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കലാകാരന്മാരും വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുകയുണ്ടായി.

മില്യണ്‍ മൊമെന്റ്സ് ഫോര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് ഞായറാഴ്ച നടന്ന പ്രകടനം സംഘടിപ്പിച്ചത്. 'ബാബിസും അദ്ദേഹത്തിന്റെ സര്‍ക്കാരും എന്തും ചെയ്താലും രക്ഷപ്പെടാമെന്ന് കരുതുന്നു. വിദഗ്ധരെ അവഗണിക്കാനും, വിമര്‍ശകരെ നിശബ്ദരാക്കാനും, ജനാധിപത്യ സ്ഥാപനങ്ങളെ സ്വന്തം സ്വത്തുപോലെ കൈകാര്യം ചെയ്യാനും തങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു' എന്ന് അവര്‍ പ്രസ്താവിച്ചു. ഈ പ്രതിഷേധം ചെക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുചേരലായി മാറിയേക്കാമെന്ന് സംഘാടകര്‍ പറയുന്നു. 400,000 മുതല്‍ 600,000 വരെ ആളുകള്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം മാധ്യമങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം കുറവാണ് (ഏകദേശം 30 മുതല്‍ 33 ശതമാനം വരെ). എന്നാല്‍, പൊതുസേവന മാധ്യമപ്രവര്‍ത്തനം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള വാര്‍ത്താ സ്രോതസ്സുകളില്‍ ഒന്നാണ്. വിവിധ പ്രായ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മാധ്യമം 'ചെക്ക് ടെലിവിഷന്‍' ആണ്.നിര്‍ദ്ദേശിക്കപ്പെട്ട മാധ്യമ പരിഷ്‌കരണം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍, യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ്, റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയെല്ലാം ഇതിനെ വിമര്‍ശിച്ചിട്ടുണ്ട്.

Content Highlights: Tens of thousands of people took to the streets in the Czech capital, Prague, to protest proposed changes to the funding system for public service media. Critics fear that the proposed reforms could weaken the independence of media organisations. Demonstrators gathered at Letna Park on Sunday afternoon. Some wore pointed hats made from folded newspapers as a tribute to an animated character that has featured in Czech Television's bedtime stories for children for decades.

dot image
To advertise here,contact us
dot image