

ലണ്ടൻ: ബ്രിട്ടനിലെ വെയിൽസ് രാജകുമാരൻ വില്യമിനൊപ്പം ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടണും ഇന്ത്യ സന്ദർശിക്കും. ഈ ആഴ്ച നടക്കുന്ന എർത്ത്ഷോട്ട് വാർഷിക പുരസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് ഇരുവരും ഇന്ത്യയിലെത്തുന്നത്. 2024-ൽ കാൻസർ ചികിത്സയ്ക്ക് വിധേയയായതിന് ശേഷം കേറ്റ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വിദേശ സന്ദർശനമാണിത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വില്യമും കേറ്റും മുംബൈയിലെത്തുന്നത്. ചൊവ്വാഴ്ച നടക്കുന്ന എർത്ത്ഷോട്ട് പുരസ്കാരദാന ചടങ്ങാണ് സന്ദർശനത്തിലെ പ്രധാന പരിപാടി.
2024-ൽ കാൻസറിനെതിരായ പ്രതിരോധ കീമോതെറാപ്പിക്ക് വിധേയയായ കേറ്റിന്റെ വിദേശ സന്ദർശനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരിക്കും ഇത്. നിലവിൽ കാൻസർ രോഗമുക്തിയുടെ ഘട്ടത്തിലാണെങ്കിലും രോഗം ഇപ്പോഴും തന്റെ ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് കേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിതാവ് ചാൾസ് രാജാവിനെപ്പോലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന വില്യം 2020-ലാണ് എർത്ത്ഷോട്ട് വാർഷിക പുരസ്കാരം പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യം. പദ്ധതികൾ കൂടുതൽ വിപുലീകരിക്കുന്നതിനായി ഓരോ വർഷവും അഞ്ച് വിജയികൾക്ക് പത്ത് ലക്ഷം പൗണ്ട് (ഏകദേശം 13 ലക്ഷം ഡോളർ) വീതം സമ്മാനമായി നൽകുന്നു.
എർത്ത്ഷോട്ട് പുരസ്കാര ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ബോളിവുഡ് താരം ആലിയ ഭട്ട്, നടൻ റാമി മാലെക് തുടങ്ങിയ പ്രമുഖരും പങ്കെടുക്കും. ബ്രിട്ടീഷ് പോപ്പ് സംഗീത ബാൻഡായ ടേക്ക് ദാറ്റും ചടങ്ങിൽ സംഗീതപരിപാടി അവതരിപ്പിക്കും. ഇതാദ്യമായാണ് സംഘം ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നത്. എർത്ത്ഷോട്ട് പുരസ്കാര ചടങ്ങിന് പുറമെ ബുധനാഴ്ച ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യമാണ് കൂടിക്കാഴ്ചയിലൂടെ പ്രതിഫലിക്കുന്നതെന്ന് കെൻസിങ്ടൺ കൊട്ടാര വക്താവ് പറഞ്ഞു. ആഗോളതലത്തിൽ വില്യം കൂടുതൽ സജീവമായ പങ്കുവഹിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗബാധയ്ക്ക് ശേഷം കേറ്റ് ഔദ്യോഗിക പരിപാടികളിലെ പങ്കാളിത്തം ഗണ്യമായി കുറച്ചിരുന്നു. ഓരോ ദിവസവും അതത് സാഹചര്യങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. പൊതുപരിപാടികളിലെ സാന്നിധ്യം ക്രമേണ വർധിപ്പിച്ചെങ്കിലും വില്യമിന്റെ മുൻ വിദേശ സന്ദർശനങ്ങളിൽ കേറ്റ് പങ്കെടുത്തിരുന്നില്ല. 2024-ന് ശേഷം കേറ്റിന്റെ ശ്രദ്ധേയമായ വിദേശ സന്ദർശനം ഈ വർഷം മേയിൽ ഇറ്റലിയിലേക്കുള്ള യാത്രയായിരുന്നു. 'ആശുപത്രിയിൽവെച്ച് എന്റെ രോഗമുക്തി ഒരു നേർരേഖയിലൂടെയായിരിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകും. പൂർണമായി സുഖം പ്രാപിക്കാൻ സമയമെടുക്കും' എന്ന് വില്യം അതിഥി പത്രാധിപരായിരുന്ന കൺട്രി ലൈഫ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ കേറ്റ് പറഞ്ഞിരുന്നു.
Content Highlights: Britain's Prince William will visit India accompanied by Princess Kate Middleton, who is set to attend the Earthshot Prize ceremony during their trip