

ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ആരോപിച്ച് യമുനയിലെ മലിനീകരണ വിഷയം രാഷ്ട്രീയ ചര്‍ച്ചാവിഷയമാക്കി ആം ആദ്മി പാര്‍ട്ടി. ഛഠ് പൂജ ആഘോഷങ്ങള്‍ക്കായി ആയിരക്കണക്കിന് പൂര്‍വാഞ്ചലി വിശ്വാസികള്‍ യമുനാ നദീതീരങ്ങളില്‍ ഒത്തുകൂടിയതിനിടെയാണ് എഎപിയുടെ വിമര്‍ശനം. യമുന ശുചീകരിക്കുമെന്ന ബിജെപിയുടെ വാഗ്ദാനങ്ങള്‍ പാളിപ്പോയെന്ന് എഎപി ആരോപിച്ചു. രേഖ ഗുപ്ത സര്‍ക്കാര്‍ യമുനയുടെ ശുചീകരണവുമായി ബന്ധപ്പെട്ട് കള്ളം പറയുകയാണെന്ന് എഎപി എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. നദിയില്‍ പൊങ്ങിക്കിടക്കുന്ന വിഷപ്പതയ്ക്കിടയില് ഛഠ് പൂജ ചെയ്യുന്ന ഒരാളുടേതെന്ന് അവകാശപ്പെടുന്ന ചിത്രം എഎപി പങ്കുവെച്ചിരുന്നു. യമുന നദി ശുചീകരിക്കുമെന്ന് ബിജെപി തങ്ങളുടെ 'ഫോര്‍-എഞ്ചിന്' സര്‍ക്കാരിനെക്കുറിച്ച് നടത്തിയ എല്ലാ അവകാശവാദങ്ങളും ഇന്ന് പൊളിഞ്ഞിരിക്കുന്നു എന്ന് എഎപി പറഞ്ഞു.
വിഷലിപ്തമായ പതയുടെ ഇടയിൽ ഛഠ് ആഘോഷിക്കുന്ന ഭക്തര്‍ക്ക് ഇത്തരത്തിലാണ് ഈ മഹോത്സവം കൊണ്ടാടേണ്ടി വന്നത്. വീഡിയോയിലുള്ള അടിക്കുറിപ്പില്‍ ഇത് എഐ അല്ല ഛഠ് പൂജ സമയത്തെ യമുനാനദിയാണെന്നും എഎപി പരിഹസിച്ചു. ബിജെപി ഭരണത്തിന് കീഴില്‍ ഇതാണ് അവസ്ഥയെന്നും വിമര്‍ശനമുയര്‍ത്തി. എന്നാല്‍, തങ്ങളുടെ ഭരണകാലത്ത് യമുന നദി കൂടുതല്‍ ശുദ്ധമായെന്ന അവകാശവാദത്തില്‍ ബിജെപി ഉറച്ചുനിന്നു. ഒപ്പം മുന്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ഭരണകൂടത്തിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു. 'ഒരുകാലത്ത് ഛഠ് പൂജ നിരോധിച്ചിരുന്ന അതേ യമുന, വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ പകുതിയിലധികം ശുദ്ധമായിരിക്കുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ 'സനാതനി'യായ മുഖ്യമന്ത്രി അതില്‍ ഛഠ് പൂജ ആഘോഷിക്കുകയും ചെയ്യുന്നു എന്ന് പ്രതിപക്ഷ വിമര്‍ശനത്തിന് ബിജെപി മറുപടി നല്കി.
ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ വ്യാപ്തി എടുത്തുകാട്ടിക്കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പതിറ്റാണ്ടുകള്‍ക്ക് ശേഷം തലസ്ഥാനത്തുടനീളം അതീവ ഗംഭീരമായാണ് ഇത്തവണ ഛഠ് പൂജ ആഘോഷിക്കുന്നതെന്ന് എക്സില്‍ കുറിച്ചു. 'പതിറ്റാണ്ടുകള്‍ക്ക് ശേഷം, മഹത്തായ ഛഠ് പൂജയുടെ അത്യന്തം മനോഹരവും അത്ഭുതകരവും ഗംഭീരവുമായ ആഘോഷത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. യമുനാ നദിയുടെ പുണ്യതീരങ്ങള്‍ മുതല്‍ ഏകദേശം 1,400-ഓളം ഛഠ് ഘാട്ടുകള്‍ വരെ ഛഠ് പൂജയുമായി ബന്ധപ്പെട്ട ഗാനങ്ങളും, ലക്ഷക്കണക്കിന് ഭക്തരുടെ അര്‍പ്പണബോധവും, സൂര്യദേവനോടുള്ള ആരാധനയും ചേര്‍ന്ന് തലസ്ഥാന നഗരിയെത്തന്നെ വിശ്വാസത്തിന്റെ നിറങ്ങളാല്‍ മുക്കിയിരിക്കുന്നു,' അവര്‍ കുറിച്ചു. ഡല്‍ഹിയിലെ ഛഠ് ആഘോഷങ്ങള്‍ക്കിടയില്‍ യമുന നദിയുടെ അവസ്ഥ ഒരു തര്‍ക്കവിഷയമായി മാറിയതോടെ, ബിജെപിയും എഎപിയും തമ്മിലുള്ള രാഷ്ട്രീയ പോരിന്റെ മറ്റൊരു ഘട്ടത്തിന് ഇത് വഴിയൊരുക്കി.
Content Highlights: The Aam Aadmi Party has turned the issue of Yamuna pollution into a political debate, accusing the BJP governments in Delhi and at the Centre of making false claims about cleaning the river. The criticism came as thousands of Purvanchali devotees gathered along the Yamuna for Chhath Puja celebrations. AAP alleged that the BJP had failed to fulfil its promises to clean the river. In a post on X, the party criticised Chief Minister Rekha Gupta's government and shared an image purportedly showing a person performing Chhath Puja amid toxic foam floating on the river. AAP said the BJP's claims about cleaning the Yamuna under its 'four-engine' government had been exposed.