

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഒരു സ്ഥാപനപരമായ സംവിധാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി അജീത് ഗോപ്ചാഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മറ്റ് ചില രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന കാര്യം അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കത്ത് ഉചിതമായ നടപടിക്കായി പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തിനും നിയമ മന്ത്രാലയത്തിനും കൈമാറി എന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗോപ്ചാഡെ. പാര്‍ലമെന്റില്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നായിരുന്നു ആവശ്യം.
നിലവിലുള്ള ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട്, രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുയോജ്യരായ വ്യക്തികളെ പരിഗണിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചവരും, തൊഴില്‍പരമായ വൈദഗ്ധ്യവും പൊതുസേവന പരിചയവുമുള്ളവരും, നേതൃപാടവം തെളിയിച്ചവരുമായ ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിന് സുതാര്യമായ ഒരു സംവിധാനം രൂപീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇവരുടെ അറിവും ജീവിതാനുഭവങ്ങളും നിയമനിര്‍മ്മാണ, നയരൂപീകരണ പ്രക്രിയകളില്‍ മുതല്‍ക്കൂട്ടാകും. ഭിന്നശേഷിക്കാരുടെ അന്തസ്സ്, ഉള്‍പ്പെടുത്തല്‍, ശാക്തീകരണം എന്നിവയ്ക്ക് മോദി സര്‍ക്കാര്‍ നല്കുന്ന ഊന്നലിനെയും, 'ദിവ്യാംഗര്‍' എന്ന പദപ്രയോഗം ഉപയോഗിക്കുന്നതിനെയും ഗോപ്ചാഡെ അഭിനന്ദിച്ചു. ജനാധിപത്യ സ്ഥാപനങ്ങളില്‍ ഇവര്‍ക്കുള്ള പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യം കൂടുതല്‍ ഗൗരവമായി പരിഗണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഉഗാണ്ടയില്‍ ഭിന്നശേഷിക്കാര്‍ക്കായി അഞ്ച് പാര്‍ലമെന്ററി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെന്നും, പ്രത്യേക ഇലക്ടറല്‍ കോളേജുകള്‍ വഴിയാണ് ഈ സീറ്റുകളിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജപ്പാനില്‍, ഭിന്നശേഷിക്കാര്‍ക്ക് പാര്‍ലമെന്ററി നടപടികളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഇതിനായി അവരുടെ ഉപരിസഭയില്‍ പ്രത്യേക സമ്മേളനങ്ങള്‍ പോലും നടത്താറുണ്ട്. സിംബാബ്വെയില്, സെനറ്റില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനായി പ്രത്യേക തെരഞ്ഞെടുപ്പ് സംവിധാനമുണ്ട്. ഈജിപ്തില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭിന്നശേഷിക്കാരായ വ്യക്തികളെ ഉള്‍പ്പെടുത്തണമെന്ന് നിബന്ധനയുണ്ട്. ലൈബീരിയയിലാകട്ടെ, പ്രത്യേക മണ്ഡല സംവിധാനത്തിലൂടെ ഇവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നു. നമീബിയയില്‍, 2005-ല്‍ ഭിന്നശേഷിയുള്ള ഒരാളെ പാര്‍ലമെന്റിലേക്ക് നിയമിച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലെ ശ്രദ്ധേയമായ ഒരു മാതൃകയെക്കുറിച്ചും ഗോപ്ചാഡെ ഓര്‍മ്മിപ്പിച്ചു. കാഴ്ചപരിമിതിയുള്ള ആദ്യത്തെ എംപിയായിരുന്ന പ്രമുഖ അഭിഭാഷകനും രാഷ്ട്രീയനേതാവുമായിരുന്ന സാധന് ചന്ദ്ര ഗുപ്തയെക്കുറിച്ചായിരുന്നു അദ്ദഹം ഒര്മപ്പെടുത്തിയത്. 'അദ്ദേഹത്തിന്റെ സംഭാവനകള്‍ തെളിയിക്കുന്നത്, ഭിന്നശേഷി എന്നത് മികച്ച രീതിയിലുള്ള നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സമല്ല എന്നാണ്,' ഗോപ്ചാഡെ പറഞ്ഞു.
കോണ്‍ഗ്രസ് മുന്‍ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല് റെഡ്ഡിയാണ് പാര്‍ലമെന്ററി നടപടികളില്‍ വലിയ സംഭാവനകള്‍ നല്കിയ, ഭിന്നശേഷിയുള്ള ഏറ്റവും ഒടുവിലത്തെ പ്രമുഖ വ്യക്തി. അസാധാരണമായ കഴിവുകളുള്ള പല ഭിന്നശേഷിക്കാര്‍ക്കും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതിനോ പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെ മത്സരിക്കുന്നതിനോ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എംപിമാരുടെ മാര്‍ഗ്ഗത്തിലൂടെ ഭിന്നശേഷിക്കാര്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യം നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗവണ്മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന് ഓഫ് ബിസിനസ്) റൂള്‍സ്, 1961' പ്രകാരം, പാര്‍ലമെന്റിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമായും നിയമ-നീതി മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നവയാണ്. അതേസമയം, രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമായും ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നവയുമാണ്.
Content Highlights: BJP Rajya Sabha MP Ajit Gopchade from Maharashtra has written to Prime Minister Narendra Modi seeking an institutional mechanism to ensure representation for persons with disabilities in Parliament and state legislatures. In his letter, he pointed out that similar arrangements exist in the legislatures of some other countries. The Prime Minister's Office has reportedly forwarded the letter to the Home Ministry and Law Ministry for appropriate action. Gopchade has called for examining ways to increase the representation of persons with disabilities in Parliament.