

അണ്ടർ -19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തിയ ശേഷമുള്ള ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ താരം യഷ്‌വീർ ഗൗഡ്.
ദീപാവലി ദിനത്തിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാൻ താരങ്ങളിൽ നിന്നുണ്ടായ അധിക്ഷേപങ്ങൾക്ക് കളിക്കളത്തിൽ തന്നെ മറുപടി നൽകണമെന്ന വാശിയായിരുന്നു ടീമിനെ നയിച്ചതെന്ന് യഷ്‌വീർ ഗൗഡ് പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയ മത്സരത്തിനിടെ പാക് താരങ്ങൾ മോശം ഭാഷ ഉപയോഗിച്ചതായും വാക്കേറ്റമുണ്ടായതായും യഷ്‌വീർ വെളിപ്പെടുത്തി.
ദീപാവലി ദിനത്തിൽ ഞങ്ങൾ ആ മത്സരം തോറ്റു. അന്ന് ഞങ്ങളും അവരും തമ്മില്‍ വാക്കേറ്റമുണ്ടായി, അവർ ഞങ്ങൾക്കുനേരെ അസഭ്യവർഷം നടത്തി. തോറ്റതിനാൽ ഞങ്ങൾക്ക് അന്നൊന്നും തിരിച്ചു പറയാൻ സാധിച്ചില്ല. ഞങ്ങൾ ഫൈനലിനായി കാത്തിരിക്കുകയായിരുന്നു. മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ കരുത്ത് എന്താണെന്ന് കാണിച്ചുകൊടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു- യഷ്‌വീർ ഗൗഡ് പറഞ്ഞു.
ഫൈനലിൽ അവസാന പന്തിൽ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. പാകിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 252/8 എന്ന നിലയിൽ തകർന്നതായിരുന്നു. എന്നാൽ മനാൽ ചൗഹാൻ (47), പുറത്താകാതെ 49 റൺസെടുത്ത മോഹിത് ഉൽവ എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു.
content highlights: they insulted us on diwali day we were waiting for the final yashveer goud