പ്രസംഗിക്കാന്‍ അനുവദിക്കാത്തതിന് സൗണ്ട് സ്റ്റാഫിനെ കൈയേറ്റം ചെയ്‌തെന്ന പരാതി; കോണ്‍ഗ്രസ് MLAയ്‌ക്കെതിരെ കേസ്

മോശം ഭാഷ ഉപയോഗിച്ചു, സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തി, രംഗം ശാന്തമാക്കാനെത്തിയ പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെകതിരെ കേസെടുത്തിരിക്കുന്നത്.

പ്രസംഗിക്കാന്‍ അനുവദിക്കാത്തതിന് സൗണ്ട് സ്റ്റാഫിനെ കൈയേറ്റം ചെയ്‌തെന്ന പരാതി; കോണ്‍ഗ്രസ് MLAയ്‌ക്കെതിരെ കേസ്
dot image

ഡെറാഡൂണ്‍: ചരിത്രപ്രസിദ്ധമായ ജൗല്‍ജിബി മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് സൗണ്ട് സ്റ്റാഫിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ കേസ്. എംഎല്‍എ ഹരീഷ് സിങ് ധാമി അടക്കം ആറ് പേര്‍ക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോശം ഭാഷ ഉപയോഗിച്ചു, സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തി, രംഗം ശാന്തമാക്കാനെത്തിയ പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം വൈകിട്ട് പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ജൗല്‍ജിബി പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് ഇവര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Also Read:

ഇതിന് പിന്നാലെയാണ് ഹരീഷ് സിങ് ധാമി, രാം സിങ് റൊകായ, സൗരഭ് മാര്‍ട്ടോലിയ, നൃപ് സിങ്, മനോഹര്‍ ടോലിയ, വിക്രം ദാനു എന്നിവര്‍ക്കെതിരെ 121(1), 132, 191(2), 324(3), 352 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം നടന്നുവരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ഗണേഷ് ഗോഡിയാല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജനാധിപത്യ മര്യാദകള്‍ ബിജെപി സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. 'സ്വന്തം മണ്ഡലത്തിലെ ഒരു ചരിത്ര പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രാദേശിക പ്രതിനിധിയെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും അദ്ദേഹത്തിന്റെ മൈക്രോഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തത് പൂര്‍ണ്ണമായും ജനാധിപത്യവിരുദ്ധവും അപലപനീയവുമാണ്,' ഗോഡിയാല്‍ പ്രസ്താവനയില്‍ പറഞ്ഞു.എംഎല്‍എയ്ക്ക് സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചത് നിയമസഭാംഗത്തോടുള്ള അവഹേളനം മാത്രമല്ല, അദ്ദേഹം പ്രതിനിധീകരിക്കുന്ന ജനങ്ങളെ അപമാനിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തുവെന്ന ആരോപണത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചില്ല.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിന്റെ അധ്യക്ഷനായിരുന്നിട്ടും മുഖ്യമന്ത്രി വേദിയിലുള്ളപ്പോള്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതി. പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് വേദിയിലുണ്ടായിരുന്ന എംഎല്‍എയും അനുഭാവികളും ചേര്‍ന്ന് പ്രതിഷേധിച്ചത്.

Also Read:

മുഖ്യമന്ത്രി മടങ്ങിയ ശേഷം സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ മൈക്ക് ഓഫാക്കിയെന്നാണ് ഹരീഷ് സിംഗ് ധാമിയുടെ ആരോപണം. 'മുഖ്യമന്ത്രി സംസാരിച്ച് മടങ്ങിയ ശേഷം ഞാന്‍ മൈക്ക് എടുത്തു സംസാരിക്കാന്‍ തുടങ്ങി. അപ്പോഴാണ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സൗണ്ട് സിസ്റ്റം ഓഫാക്കിയത്. ഇത് ന്യായമാണോ? ധാരാചുലയെ പ്രതിനിധീകരിക്കുന്ന എംഎല്‍എ എന്ന നിലയില്‍ എനിക്ക് സംസാരിക്കാന്‍ അവകാശമില്ലേ?' അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെ 'ഭീരു' എന്ന് വിളിച്ച കോണ്‍ഗ്രസ് എംഎല്‍എ, അടുത്ത തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. 'എനിക്ക് ഭയപ്പെടാനോ തലകുനിക്കാനോ അറിയില്ല. എനിക്ക് തെറ്റുപറ്റിയാല്‍ ഞാന്‍ ക്ഷമ ചോദിക്കും. അതുകൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്നത്. അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍ 2027ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധാരാചുലയില്‍ നിന്ന് മത്സരിക്കട്ടെ,' അദ്ദേഹം വെല്ലുവിളിച്ചു.

പാര്‍ട്ടി അനുവദിച്ചാല്‍ മുഖ്യമന്ത്രി മത്സരിക്കുന്ന ഏത് മണ്ഡലത്തിലും പോയി മത്സരിച്ച് അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോടുള്ള ആവേശത്തില്‍ തനിക്ക് ചിലപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും അതില്‍ മണ്ഡലത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Uttarakhand Police have registered a case against Congress MLA Harish Singh Dhami and five others following allegations of assaulting sound system staff and disrupting proceedings at the historic Jouljibi Mela. The incident reportedly occurred after Dhami was denied an opportunity to speak at the event and his microphone was switched off. The MLA accused Chief Minister Pushkar Singh Dhami of suppressing his right to speak and challenged him to contest the 2027 Assembly election from Dharchula. Uttarakhand Congress president Ganesh Godiyal also criticised the state government over the alleged denial of democratic rights.

dot image
To advertise here,contact us
dot image