

ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 181 സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന സൂചനയുമായി സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. തുടര്‍ച്ചയായി മൂന്നാം ടേം ലക്ഷ്യമിടുന്ന യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇന്‍ഡ്യ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് അഖിലേഷ് യാദവ് ഒരുങ്ങുന്നത്.
ന്യൂഡല്‍ഹിയില്‍ നടന്ന ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവെയാണ് അഖിലേഷ് യാദവ് സഖ്യചര്ച്ചകളെക്കുറിച്ച് വ്യക്തമാക്കിയത്. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് 100 സീറ്റുകളാണോ ആവശ്യപ്പെടുന്നത് എന്ന ചോദ്യത്തിന് അതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 200 സീറ്റുകളാണോ എന്ന ചോദ്യത്തിന് അതിനേക്കാള്‍ കുറച്ചുകൂടി കുറവാണെന്നും മറുപടി നല്കി. 180 സീറ്റുകളാണോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ 'ഒന്ന് കൂടി കൂട്ടൂ' (181 സീറ്റുകള്‍) എന്നായിരുന്നു മറുപടി. എസ്പി എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും 'ഇന്‍ഡ്യ' സഖ്യം ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നൂറില്‍ താഴെ സീറ്റുകളായിരിക്കും സമാജ്വാദി പാര്‍ട്ടി നല്‍കുക എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതകള്‍ കണക്കിലെടുത്ത് സീറ്റുകള്‍ വിഭജിക്കണമെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ നിലപാട്. ഇതനുസരിച്ച് കോണ്‍ഗ്രസിന് 50 മുതല്‍ 75 വരെ സീറ്റുകള്‍ നല്‍കാനാണ് എസ്പി നേതൃത്വം താത്പര്യപ്പെടുന്നതെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതിയുമായി പുതിയ സഖ്യത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, നിലവിലുള്ള ഒരു സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ മറ്റ് സഖ്യങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ബി ആര് അംബേദ്കറുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ ഒരുമിച്ച് കൊണ്ടുപോയ മികച്ച അനുഭവമാണ് എസ്പിക്കുള്ളത്. കോണ്‍ഗ്രസുമായുള്ള സഖ്യം നേരത്തെ ഉണ്ടായിരുന്നതുപോലെ തന്നെ തുടരുകയാണെന്നും അതില്‍ മാറ്റമൊന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകള്‍ മോഷണം പോയത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുമെന്ന് അഖിലേഷ് പറഞ്ഞു. കോടിക്കണക്കിന് ഭക്തര്‍ നല്കിയ സംഭാവന തുകയാണ് മോഷണം പോയതെന്നും, അയോധ്യ തുടര്‍ച്ചയായി സന്ദര്‍ശിച്ച് ലോക റെക്കോഡ് ഇടാന്‍ ശ്രമിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവിടെ സംഭാവനകള്‍ മോഷണം പോയ വിവരം അറിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അയോധ്യയിലെ രാമക്ഷേത്ര സന്ദര്‍ശനത്തിന് മുന്നോടിയായി ഇറ്റാവയിലെ കേദാരേശ്വര്‍ ധാം സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം അത് ആരംഭിച്ച സ്ഥലത്തുവെച്ച് തന്നെ അയോധ്യയിലെ ജനങ്ങള്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎസ്പിയുടെ പരമ്പരാഗത വോട്ടര്‍മാര്‍ എസ്പിയിലേക്ക് മാറുന്നുണ്ടോ എന്ന ചോദ്യത്തിന്, ബഹുജന്‍ വിഭാഗങ്ങളും അംബേദ്കര്‍ ഗ്രൂപ്പുകളും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും പിഡിഎ (പിന്നോക്ക വിഭാഗങ്ങള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍) സഖ്യത്തിന് കീഴില്‍ ഒന്നിക്കുകയാണെന്ന് അദ്ദേഹം മറുപടി നല്കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട തിരിച്ചടി അസമത്വം, വിവേചനം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ ജനങ്ങള്‍ നല്കിയ വിധിയെഴുത്താണ്.
യു പിയില്‍ 20ലധികം മത്സരപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായും 69,000 അസിസ്റ്റന്റ് അധ്യാപകരുടെ നിയമനത്തില്‍ സംവരണാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായും അഖിലേഷ് പറഞ്ഞു. അഗ്നിവീര്‍ പദ്ധതി യുവാക്കളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും, വ്യാജ ഏറ്റുമുട്ടലുകളും വ്യാജ പൊലീസ് നടപടികളും മൂലം സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്നും അദ്ദേഹം ആരോപിച്ചു. അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലും എക്സ്പ്രസ് വേ നിര്‍മ്മാണത്തിലും വലിയ അഴിമതി നടക്കുന്നുണ്ടെന്നും യോഗി സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
Content Highlight: Samajwadi Party chief Akhilesh Yadav has indicated that the Congress has sought 181 seats for the upcoming Uttar Pradesh Assembly elections, even as reports suggest that the SP is willing to offer fewer than 100 seats. While the Congress is reportedly seeking a larger share, the SP favours seat allocation based on candidates' winnability. Akhilesh also discussed the INDIA alliance's prospects, the possibility of uniting Dalit and backward communities under the PDA coalition, and various issues concerning the Yogi Adityanath government.