അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയെ ചൊല്ലി കുടുംബത്തില്‍ തര്‍ക്കം; നിയമ നടപടിയുമായി റമോല ബച്ചന്‍

അന്ധേരിയിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ പരിഗണനയിലാണ് ഇപ്പോള്‍ ഈ വിഷയം

അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയെ ചൊല്ലി കുടുംബത്തില്‍ തര്‍ക്കം; നിയമ നടപടിയുമായി റമോല ബച്ചന്‍
dot image

മുംബൈ: അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള പ്രശസ്തമായ ബംഗ്ലാവ് 'ജല്‍സ'യുമായി ബന്ധപ്പെട്ട് കുടുംബസ്വത്ത് തര്‍ക്കം ഉടലെടുത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. നടന്‍ ജയ ബച്ചന് ഈ സ്വത്ത് കൈമാറിക്കൊണ്ട് 1993-ല്‍ തയ്യാറാക്കിയ ഒരു 'ഗിഫ്റ്റ് ഡീഡ്' (സമ്മാന ആധാരം) അമിതാഭ് ബച്ചന്റെ സഹോദരഭാര്യയായ റമോല ബച്ചനാണ് ചോദ്യം ചെയ്തിരിക്കുന്നത്. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഈ കൈമാറ്റം നടന്നതെന്ന് ആരോപിക്കുന്ന റമോല, പ്രസ്തുത രേഖയുടെ സാധുത എന്തെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

അന്ധേരിയിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ പരിഗണനയിലാണ് ഇപ്പോള്‍ ഈ വിഷയം. കഴിഞ്ഞ ഏഴ് മാസത്തിനിടെ റമോല നല്‍കിയ നിരവധി പരാതികളെത്തുടര്‍ന്ന് ഇതില്‍ വാദം കേള്‍ക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്റെ ഇളയ സഹോദരന്‍ അജിതാഭ് ബച്ചന്റെ ഭാര്യയാണ് റമോല. ഉടമസ്ഥാവകാശ രേഖകളിലെ പൊരുത്തക്കേടാണ് ഈ തര്‍ക്കത്തിന് ആധാരം. 'കപോള്‍ ഹൗസിംഗ് സൊസൈറ്റി'യുടെ രേഖകളില്‍ 'ജല്‍സ'യുടെ ഉടമയായി ജയ ബച്ചനെ കാണിക്കുമ്പോള്‍, മഹാരാഷ്ട്ര സര്‍ക്കാരിന്റെ 'പ്രോപ്പര്‍ട്ടി കാര്‍ഡില്‍' ഇപ്പോഴും റമോലയുടെ പേരാണ് ഉള്ളത്. സര്‍ക്കാര്‍ രേഖകളില്‍ റമോലയുടെ പേര് മാറ്റി ജയയുടെ പേര് ചേര്‍ക്കാന്‍ ശ്രമം നടന്നപ്പോഴാണ് ഈ വിഷയം വീണ്ടും ഉയര്‍ന്നുവന്നത്.

'ജല്‍സ' ആദ്യം തന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും, പിന്നീട് 1993-ല്‍ തയ്യാറാക്കിയ ഒരു ഗിഫ്റ്റ് ഡീഡ് വഴി ഇതിന്റെ ഉടമസ്ഥാവകാശം ജയയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്നും റമോല തന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍, ഈ രേഖ തയ്യാറാക്കിയ രീതിയെ അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സാധാരണ കടലാസിലാണ് ഇത് തയ്യാറാക്കിയതെന്നും, ഇതില്‍ സാക്ഷികളുടെ ഒപ്പുകള്‍ ഇല്ലെന്നുമാണ് അവര്‍ ആരോപിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ 'അഭയ് യോജന' പദ്ധതി പ്രകാരം, ഈ രേഖ പിന്നീട് രജിസ്റ്റര്‍ ചെയ്തതിനെയും ക്രമവല്‍ക്കരിച്ചതിനെയും അവര്‍ ചോദ്യം ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചതായും ഇക്കാര്യത്തില്‍ വാദം കേള്‍ക്കല്‍ നടപടികള്‍ ആരംഭിച്ചതായും ഡെപ്യൂട്ടി രജിസ്ട്രാര്‍ ഫയാസ് മുലാനി സ്ഥിരീകരിച്ചു. ബന്ധപ്പെട്ട കക്ഷികളോട് അവരുടെ മറുപടികള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളിലും, തര്‍ക്കവിഷയമായ 'ഗിഫ്റ്റ് ഡീഡിന്റെ' സാധുതയിലും അധികൃതര്‍ ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല.

അതേസമയം ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അമിതാഭ് ബച്ചന്‍ പ്രതികരിച്ചിട്ടില്ല. ജയ ബച്ചനും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതൊരു കുടുംബപരമായ ആഭ്യന്തര വിഷയമാണെന്ന് ചൂണ്ടിക്കാട്ടി വക്താവും പ്രതികരിച്ചിട്ടില്ല. മുംബൈയിലെ പ്രശസ്തമായ സെലിബ്രിറ്റി വസതികളിലൊന്നായ 'ജല്‍സ' ശ്രദ്ധേയയായ ഇടമാണ്. ഞായറാഴ്ചകളില്‍ തന്റെ ബംഗ്ലാവിന് പുറത്ത് ഒത്തുകൂടുന്ന ആരാധകരെ അമിതാഭ് ബച്ചന്‍ പതിവായി അഭിവാദ്യം ചെയ്യുന്നത് ഇവിടെ നിന്നാണ് എന്നതും പ്രത്യേകതയാണ്.

Content Highlights: A family property dispute has reportedly emerged over Amitabh Bachchan's iconic Jalsa bungalow in Mumbai's Juhu area. Ramola Bachchan, the actor's sister-in-law, has challenged a 1993 gift deed through which the property was transferred to Jaya Bachchan. She alleges that the transfer took place without her knowledge or consent and has questioned the legal validity of the document.

dot image
To advertise here,contact us
dot image