

മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ കുറച്ച് കൂടി അവസരങ്ങൾ അർഹിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. കഴിഞ്ഞ ഒരു വർഷം താരം ടീമിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും സ്ഥാനം അർഹിച്ചിരുന്നുവെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഷമിയെ പിന്തുണച്ച് ശാസ്ത്രിയുടെ പരാമർശം. 'രാജ്യത്തിനായി മികച്ച രീതിയിൽ കളിച്ച ഒരാൾക്ക് പടിയിറങ്ങേണ്ടിവരുന്നത് സങ്കടകരമാണ്. മുഹമ്മദ് ഷമിക്ക് ഇനിയും ഒരു 30 അല്ലെങ്കിൽ 40 വിക്കറ്റുകൾ കൂടി നേടാൻ സാധിക്കുമായിരുന്നുവെന്ന് എനിക്ക് ഉറപ്പാണ്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ അദ്ദേഹം കളിക്കേണ്ടതായിരുന്നു. ഒരു പക്ഷേ, അദ്ദേഹം ഒരു ടെസ്റ്റ് ബൗളറായി തുടരേണ്ടതായിരുന്നു' -ശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നതായി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചത്. ഏകദിന, ട്വന്റി20 ഫോർമാറ്റിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 64 ടെസ്റ്റുകളിൽ നിന്ന് 229 വിക്കറ്റുകളുമായാണ് താരം ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്.
content highlights: ; ravi shastri on mohammed shami test cricket retirement