'മതേതരത്വത്തിന്റെ വിജയം'; യുഎസ് തെരഞ്ഞെടുപ്പ് പാഠമെന്ന് ചിദംബരം, ഡെമോക്രാറ്റുകള്‍ക്ക് അഭിനന്ദനം

ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ മറികടന്ന് ലിബറലിസവും മതേതരത്വവും സഹിഷ്ണുതയും വിജയിച്ചെന്നും മുന്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

'മതേതരത്വത്തിന്റെ വിജയം'; യുഎസ് തെരഞ്ഞെടുപ്പ് പാഠമെന്ന് ചിദംബരം, ഡെമോക്രാറ്റുകള്‍ക്ക് അഭിനന്ദനം
dot image

ന്യൂദല്‍ഹി: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കിയ ഡെമോക്രാറ്റിക് പാര്‍ട്ടിയെ അഭിനന്ദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. സ്വതന്ത്രവും ജനാധിപത്യപരവുമായ രാജ്യത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎസ് തെരഞ്ഞെടുപ്പ് പാഠമാണെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ മറികടന്ന് ലിബറലിസവും മതേതരത്വവും സഹിഷ്ണുതയും വിജയിച്ചെന്നും മുന്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

പി ചിദംബരം
പി ചിദംബരം

കുടിയേറ്റം, ഏഷ്യക്കാരും ലാറ്റിന്‍ അമേരിക്കക്കാരും രാജ്യത്തേക്ക് കടന്നുകയറുന്നുവെന്ന ആരോപണങ്ങള്‍, ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വളരെയധികം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്നത്. ജീവിതച്ചെലവ്, തൊഴിലില്ലായ്മ, ഇന്ധനവില, ക്രമസമാധാനം തുടങ്ങിയ ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളെ ഈ വിഷയങ്ങള്‍ മറികടക്കുമെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും എക്‌സില്‍ പങ്കുവെച്ച പി ചിദംബരം പറഞ്ഞു.

'അനധികൃത കുടിയേറ്റം, ഏഷ്യക്കാരും ലാറ്റിനമേരിക്കക്കാരും അമേരിക്കയിലേക്ക് കടന്നുകയറുന്നുവെന്ന പ്രചാരണം, ഇസ്ലാമോഫോബിക് ആഖ്യാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെച്ചൊല്ലിയുള്ള ബഹളങ്ങള്‍ക്കിടയിലാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്നത്. ജീവിതച്ചെലവ്, തൊഴിലില്ലായ്മ, ഇന്ധനവില, ക്രമസമാധാനം തുടങ്ങിയ സാധാരണക്കാരുടെ ദൈനംദിന പ്രശ്‌നങ്ങളെ ഈ വിഷയങ്ങള്‍ മറികടക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ലിബറലിസവും മതേതരത്വവും സഹിഷ്ണുതയും അമേരിക്കയുടെ അടിസ്ഥാന ജനാധിപത്യബോധവും ചൈതന്യവും വിജയിച്ചു. സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു രാജ്യത്തെ പൗരന്മാരാകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇതില്‍ ഒരു പാഠമുണ്ട്,' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

2026ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വലിയ തിരിച്ചുവരവാണ് നടത്തിയത്. കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം തിരിച്ചുപിടിച്ചതോടെ വാഷിങ്ടണിലെ അധികാര സമവാക്യങ്ങളില്‍ നിര്‍ണായക മാറ്റമുണ്ടായി. 20 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഭരണപക്ഷത്തുള്ള പാര്‍ട്ടിക്ക് ഇരു സഭകളിലും ഭൂരിപക്ഷം നഷ്ടമാകുന്നത്. നേരത്തെ, 2006ല്‍ ജോര്‍ജ് ബുഷിന്റെ കാലത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇരു സഭകളുടെയും നിയന്ത്രണം നഷ്ടമായിരുന്നു.

അതേസമയം, പ്രതിനിധിസഭയില്‍ ഭൂരിപക്ഷം ലഭിച്ചതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിനെതിരെ അന്വേഷണങ്ങളും ഹിയറിങ്ങുകളും ഉള്‍പ്പെടെയുള്ള നടപടികളിലൂടെ സമ്മര്‍ദം ശക്തമാക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിയും. സെനറ്റിന്റെ നിയന്ത്രണം ലഭിച്ചതോടെ നിയമനിര്‍മാണത്തിലും പ്രസിഡന്റ് നടത്തുന്ന നാമനിര്‍ദേശങ്ങളിലും കൂടുതല്‍ സ്വാധീനം ചെലുത്താനും പാര്‍ട്ടിക്ക് സാധിക്കും.

നേരത്തെ, 2026ലെ അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയത്തിന് ഇറാനുമായുള്ള യുദ്ധം കാരണമായെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ വിലയിരുത്തലിനോട് ട്രംപ് യോജിച്ചിരുന്നു. സംഘര്‍ഷം ഹ്രസ്വകാലത്തേക്ക് പെട്രോള്‍ വില വര്‍ധിപ്പിച്ചെന്ന് സമ്മതിച്ച ട്രംപ്, ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയാന്‍ ടെഹ്റാനെതിരായ സൈനിക നടപടി അനിവാര്യമായിരുന്നുവെന്നും വാദിച്ചു.

cONTENT hIGHLIGHT: Senior Congress leader P. Chidambaram congratulated the Democratic Party on its sweeping victory in the US midterm elections. He said the US elections offered an important lesson to those aspiring to live in a free and democratic country. The former Union Minister added that liberalism, secularism and tolerance had triumphed over divisive and hateful politics.

dot image
To advertise here,contact us
dot image