

ചെന്നൈ: തമിഴ്നാട് തേനി ആണ്ടിപ്പെട്ടിയിലെ സബ് ജയിലില്‍ നിന്നും 17 പേര് ചാടിപ്പോയി. വിചാരണ തടവുകാരാണ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം ചാടിപ്പോയത്. ഇതില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ജയിലിന് സമീപമുള്ള കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റുള്ളവര്‍ക്കായുള്ള പൊലീസ് പരിശോധ നടത്തുകയാണ്.
കേരള- തമിഴ്നാട് അതിര്‍ത്തിലെ ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍ചാടിയവര്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. രക്ഷപെട്ടവര്‍ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെക്ക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
രക്ഷപ്പെട്ട 17 പ്രതികളും ഒരു സെല്ലിലാണ് കിടന്നിരുന്നത്. സുരക്ഷയ്ക്കുണ്ടായിരുന്ന നാല് പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടത്. പ്രതികളില്‍ ഒരാള്‍ക്ക് സുഖമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെ സെല്ലിനുള്ളില്‍ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തില്‍ തങ്കപാണ്ടി എന്ന പൊലീസുകാരന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വില്ലുപുരം ജില്ലയില്‍ നിന്നുള്ളവരാണ് ജയില്‍ ചാടിയവരില്‍ എറെയുമെന്നാണ് വിവരം. ജയില്‍ ചാടിയവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഉള്‍പ്പെടെ കൈമാറിയതായും തിരച്ചില്‍ ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.
17 സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് തമിഴ്നാട് സൗത്ത് സോണ്‍ ഐജി വിജയേന്ദ്ര ബിദാറി പറഞ്ഞു. വര്ഷനാട് വനമേഖലയില്‍ വ്യാപക പരിശോധന നടക്കുന്നുണ്ട്. ജില്ലാ ജയിലില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് വനമേഖല. രക്ഷപ്പെട്ടവര്‍ക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലും കേസുകള്‍ ഉണ്ട്. കേരള- തമിഴ്നാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന വ്യാപകമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും തമിഴ്നാട് സൗത്ത് സോണ്‍ ഐജി വ്യക്തമാക്കി.
Content Highlights: Seventeen prisoners have escaped from a jail in Tamil Nadu, with one arrested so far. Police have intensified checks, including along the Kerala border.