

സോഷ്യൽ മീഡിയയിലൂടെ മറ്റ് രാജ്യങ്ങളെയോ വിദേശ നേതാക്കളെയോ വ്യക്തികളെയോ അപമാനിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെയും സൗഹൃദ അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് പൊതുജനങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് നിർദ്ദേശമുണ്ട്.
ഒമാന്റെ സൈബർ കുറ്റകൃത്യ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമായിരിക്കും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക. സ്വന്തമായി പോസ്റ്റുകൾ ഇടുന്നവർക്ക് മാത്രമല്ല, അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ റീഷെയർ ചെയ്യുന്നവർക്കും കമന്റ് ചെയ്യുന്നവർക്കും ഇത്തരം പ്രചാരണങ്ങൾക്ക് പ്രേരണ നൽകുന്നവർക്കും നിയമനടപടി ഒരുപോലെ ബാധകമായിരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ രാജ്യത്തിന്റെ നിയമങ്ങളും മര്യാദകളും പാലിക്കാൻ സ്വദേശികളും പ്രവാസികളും ഒരുപോലെ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Oman’s Public Prosecution warns social media users against insulting foreign countries, leaders or citizens, cautioning that violations could lead to imprisonment and fines under cybercrime laws.