മിഠായിയും ഫിനോയിലും വിറ്റുതുടങ്ങി 2,173 കോടിയുടെ ബിസിനസിലേക്ക്; ആച്ചി മസാലയുടെ വിജയഗാഥ

വിപണിയിൽ ബ്രാൻഡ് ചെയ്യാത്ത മസാലപ്പൊടികൾ മാത്രം ലഭ്യമായിരുന്ന കാലത്ത്, വീട്ടമ്മമാരുടെ ജോലി എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ആരംഭിച്ചത്

മിഠായിയും ഫിനോയിലും വിറ്റുതുടങ്ങി 2,173 കോടിയുടെ ബിസിനസിലേക്ക്; ആച്ചി മസാലയുടെ വിജയഗാഥ
dot image

ഹെയർ ഡൈ വിൽപനക്കാരനിൽ നിന്നും 2,000 കോടി രൂപയുടെ 'ആച്ചി മസാല' സാമ്രാജ്യത്തിലേക്ക് വളർന്ന എ.ഡി. പദ്മസിങ് ഐസക്കിന്റെ വിജയഗാഥ. തമിഴ്‌നാട്ടിലെ നസ്രേത്ത് സ്വദേശിയായ പദ്മസിങ് സ്‌കൂൾ കാലഘട്ടത്തിൽ മിഠായികളും കോളേജ് കാലത്ത് ഫിനോയിലും വിറ്റാണ് ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഗോദ്‌റെജ് കമ്പനിയിലെ 10 വർഷത്തെ സെയിൽസ് അനുഭവ സമ്പത്തുമായാണ് അദ്ദേഹം സ്വന്തം സംരംഭം ആരംഭിക്കുന്നത്.

1995-ൽ ചെന്നൈയിൽ വെച്ചാണ് അദ്ദേഹം 'ആച്ചി ഗ്രൂപ്പ്' സ്ഥാപിക്കുന്നത്. വിപണിയിൽ ബ്രാൻഡ് ചെയ്യാത്ത മസാലപ്പൊടികൾ മാത്രം ലഭ്യമായിരുന്ന അക്കാലത്ത്, വീട്ടമ്മമാരുടെ ജോലി എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ആരംഭിച്ചത്. പദ്മസിങ്ങിന്റെ ഭാര്യ തെൽമ തയ്യാറാക്കിയ പരമ്പരാഗത കൂട്ടുകൾ അടിസ്ഥാനമാക്കി 'കുഴമ്പ് മുളകുപൊടി' ആണ് ആദ്യമായി വിപണിയിലെത്തിച്ചത്. കേവലം 2 രൂപ വിലയിട്ടായിരുന്നു ഈ ഉൽപ്പന്നത്തിന്റെ തുടക്കം.

ആദ്യ ഉൽപ്പന്നം വൻ വിജയമായതോടെ ആച്ചി ഗ്രൂപ്പ് മറ്റ് ഭക്ഷ്യവിഭവങ്ങളിലേക്കും തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു. ഇന്ന് മസാലപ്പൊടികൾക്ക് പുറമെ പൊന്നി എണ്ണ, റാണി തേൻ, ട്വിൻ ബേർഡ്സ് അച്ചാറുകൾ, സാബാഷ് ഹെർബൽ ഉൽപ്പന്നങ്ങൾ, ട്വിങ്കിൾ ഹോം കെയർ, ഫ്രിസ്പൂ സ്നാക്സ്, തഞ്ചൂസ് എനർജി ഡ്രിങ്ക്സ് തുടങ്ങി വീട്ടിലേക്കാവശ്യമായ നിരവധി ബ്രാൻഡുകൾ ആച്ചി ഗ്രൂപ്പിന് കീഴിലുണ്ട്. കേവലമൊരു മസാല കമ്പനി എന്നതിലുപരി വലിയൊരു എഫ്.എം.സി.ജി ശൃംഖലയായി മാറാൻ ഇതിലൂടെ ഗ്രൂപ്പിന് സാധിച്ചു.

നിലവിൽ ട്രാക്സൺ പുറത്തുവിട്ട സാമ്പത്തിക വിവരങ്ങൾ പ്രകാരം, 2025 സാമ്പത്തിക വർഷത്തിൽ ആച്ചി മസാല ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് 2,173 കോടി രൂപയുടെ ഏകീകൃത വരുമാനം രേഖപ്പെടുത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും കമ്പനിയുടെ അറ്റാദായം ഗണ്യമായി വർദ്ധിച്ചു. 2024 സാമ്പത്തിക വർഷത്തിൽ 26 കോടി രൂപയായിരുന്ന അറ്റാദായം 2025-ൽ 49.38 കോടി രൂപയായാണ് ഉയർന്നത്.

Content Highlights:A.D. Padmasingh Isaac built the Aachi Masala business into a major FMCG group after starting his entrepreneurial journey by selling candies, phenyl and hair dye.He founded the Aachi Group in Chennai in 1995, drawing on 10 years of sales experience at Godrej.

dot image
To advertise here,contact us
dot image