സിദ്ധരാമയ്യയെ രാജിക്ക് നിർബന്ധിതനാക്കിയത് ‘ഒളികാമറ ഓപ്പറേഷൻ’; ഡി കെ ശിവകുമാറിനെതിരെ ആരോപണവുമായി കുമാരസ്വാമി

കർണാടകയിൽ കോൺഗ്രസിനുള്ളിൽ മാസങ്ങളോളം നീണ്ട അധികാര തർക്കത്തിന് പിന്നാലെയാണ് സിദ്ധാരാമയ്യ മുഖ്യമന്ത്രി പദം ഒഴിഞ്ഞത്

സിദ്ധരാമയ്യയെ രാജിക്ക് നിർബന്ധിതനാക്കിയത് ‘ഒളികാമറ ഓപ്പറേഷൻ’; ഡി കെ ശിവകുമാറിനെതിരെ ആരോപണവുമായി കുമാരസ്വാമി
dot image

ബെം​ഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കാൻ നിർബന്ധിതനാക്കിയത് അന്നത്തെ ഉപമുഖ്യമന്ത്രിയും നിലവിലെ മുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ നടത്തിയെന്ന് പറയപ്പെടുന്ന ഒരു ഒളികാമറ ഓപ്പറേഷനിലെ വിവരങ്ങൾ ഉപയോഗിച്ചാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി. ഡി കെ ശിവകുമാർ സിദ്ധരാമയ്യക്കെതിരെ ഒളികാമറ ഓപ്പറേഷനിലൂടെ ചില വിവരങ്ങൾ ശേഖരിച്ചെന്നും പിന്നീട് അത് ഉപയോഗിച്ച് സിദ്ധരാമയ്യക്ക് മേൽ സമ്മർദം ചെലുത്തിയെന്നുമാണ് കുമാരസ്വാമിയുടെ ആരോപണം. സ്വമേധയാ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാകാതിരുന്ന സിദ്ധരാമയ്യയെ ഒളികാമാറ ഓപ്പറേഷനിലെ വിവരങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാൻ ഡി കെ ശിവകുമാർ സമ്മർദ്ദം ചെലുത്തുകയായിരുന്നുമെന്നാണ് കുമാരസ്വാമിയുടെ ആരോപിച്ചത്. എന്നാൽ ഈ ആരോപണത്തിന് ആധാരമായ ഒളികാമറ ഓപ്പറേഷൻ എന്തായിരുന്നുവെന്നോ അതിൽ എന്താണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുകയോ അതിൻ്റെ തെളിവുകൾ പുറത്തുവിടുകയോ കുമാരസ്വാമി ചെയ്തിട്ടില്ല.

കർണാടകയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രതികരിക്കവെയാണ് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഈ ആരോപണം ഉന്നയിച്ചത്. ആരോപിക്കപ്പെടുന്ന സ്റ്റിംഗ് ഓപ്പറേഷൻ എപ്പോൾ നടത്തിയെന്നോ, അതിൽ എന്താണ് രേഖപ്പെടുത്തിയതെന്നോ, സിദ്ധരാമയ്യക്കെതിരെ ഉപയോഗിച്ചെന്ന് പറയുന്ന വിവരങ്ങൾ എന്തൊക്കെയാണെന്നോ കുമാരസ്വാമി വിശദീകരിച്ചിട്ടില്ല. കർണാടകയിൽ കോൺഗ്രസിനുള്ളിൽ മാസങ്ങളോളം നീണ്ട അധികാര തർക്കത്തിന് പിന്നാലെയാണ് സിദ്ധാരാമയ്യ മുഖ്യമന്ത്രി പദം ഒഴിഞ്ഞത്. ജൂണിൽ സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.

കർണാടക കോൺഗ്രസിൽ സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും ഇടയിൽ ഉടലെടുത്ത അധികാര തർക്കത്തെ തുടർന്നാണ് ജൂൺ മൂന്നിന് ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2023ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് കർണാടകയിൽ അധികാരത്തിലെത്തിയപ്പോൾ ഡി കെ ശിവകുമാറായിരുന്നു ഉപമുഖ്യമന്ത്രി. സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര പങ്കിടൽ സംബന്ധിച്ച ചർച്ചകൾ മാസങ്ങളോളം നീണ്ടിരുന്നു. ഇരുനേതാക്കളുടെയും അനുയായികൾ പരസ്യമായും പാർട്ടിക്കുള്ളിലും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയതോടെ നേതൃത്വമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുകയായിരുന്നു. മേയ് അവസാനത്തോടെ രാജി സമർപ്പിച്ചപ്പോൾ, കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ രാജിവെച്ചതെന്നും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.

Content Highlights: HD Kumaraswamy has alleged that a hidden camera operation led to pressure on Karnataka Chief Minister Siddaramaiah to resign, targeting Deputy Chief Minister D K Shivakumar

dot image
To advertise here,contact us
dot image