

പോണ്ടിച്ചേരി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം. കൗണ്‍സില്‍ പ്രസിഡന്റായി അരുന്ധതി ജി നാഥും സെക്രട്ടറിയായി പിനല്ലസെല്‍വയും തെരഞ്ഞെടുക്കപ്പെട്ടു. കെ യുവരാജ്, കെ ഗോപിക എന്നിവര്‍ വൈസ് പ്രസിഡന്റായും പ്രവേശ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്കായിരുന്നു മുന്നേറ്റം. 114 സീറ്റുകളില്‍ 70ലധികം സീറ്റുകളില്‍ വിജയിച്ചാണ് എസ്എഫ്‌ഐ സര്‍വ്വകലാശാല യൂണിയന്‍ ഭരണം പിടിച്ചത്. അശോക് കുമാര്‍ ജയവേല്‍, സഞ്ജയ് വി, നിവേദ് എം, ജെയ്ക് എം തോമസ്, ആഷിഖ് ഹുസൈന്‍ ഭട്ട്, കദീജ സദാരുദ്ധീന്‍, അനഘ എം പി, നരപക അക്ഷിത, ഡമാഫി എഫ് ലാമിന്‍, കവിയ എം എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലേത് വെറുമൊരു തെരഞ്ഞെടുപ്പ് വിജയമല്ലെന്നും ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാരിന് നേരെ യുവാക്കള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളുടെ പ്രതിഫലനമാണെന്നും എസ്എഫ്‌ഐ പ്രതികരിച്ചു. ഇന്ത്യയിലുടനീളം എസ്‌ഐആറിനെതിരായ പ്രതിഷേധങ്ങളും ജനകീയ മുന്നേറ്റങ്ങളും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ഈ വിജയം. ജന്തര്‍ മന്തര്‍ മുതല്‍ രാജ്യത്തുടനീളമുള്ള സംസ്ഥാന തലസ്ഥാനങ്ങള്‍ വരെ, വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പോണ്ടിച്ചേരിയിലെ എസ്എഫ്‌ഐ വിജയം ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനുള്ള പിന്തുണയാണെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.
Content Highlights: FI has won the Pondicherry University Students’ Council election.