

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്‍ഡ്യാ മുന്നണി എം പിമാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേയ്ക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞതോടെയാണ് ആകാശവാണി ഭവനിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. അതിനിടെ, ഗ്യാനേഷ് കുമാറിനെ കാണണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വോട്ടുചോരി വിഷയത്തില്‍ സംസാരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. കൂടിക്കാഴ്ചയില്ലാതെ പിന്മാറില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് പറഞ്ഞ് ആവശ്യം നിഷേധിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം അവസാനിച്ചെന്ന് കരുതിയ സമയത്ത് അപ്രതീക്ഷിത നീക്കവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എം പി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ഇരുവരും പൊലീസിനെ മറികടന്ന് ആകാശവാണി ഭവന്‍ വളപ്പില്‍ പ്രതിഷേധിച്ചു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ കൂടുതല്‍ മുന്നോട്ട് പോകുന്നതില്‍ നിന്ന് തടഞ്ഞു. ഇതോടെ രാഹുഗാന്ധി പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറിയും പ്രിയങ്ക ഗാന്ധി ആകാശവാണി ഭവനിന് മുന്നിലിരുന്നും പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും പവന്‍ ഖേരയും ആകാശവാണി ഭവന്റെ അതിര്‍ത്തി മതില്‍ കയറി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസ് എത്തി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
നിരവധി പ്രതിപക്ഷ എംപിമാരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബസുകളില്‍ കയറ്റി വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.അഖിലേഷ് യാദവ്, അഭിഷേക് ബാനര്‍ജി, കല്യാണ്‍ ബാനര്‍ജി, ഡെറിക് ഒബ്രയാന്‍, ഇമ്രാന്‍ മസൂദ്, പി സന്തോഷ്, എ.എ റഹിം, ജോൺ ബ്രിട്ടാസ്, ഷാഫി പറമ്പില്‍ തുടങ്ങിയ എംപിമാര്‍ കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും പുറമേ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ്, സുപ്രിയ സുലേ, എ എ റഹീം എംപി അടക്കമുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. മാര്‍ച്ച് അഞ്ഞൂറ് മീറ്റര്‍ പിന്നിട്ട് ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചത് പ്രവര്‍ത്തകര്‍ തടയുന്നതിനിടെയാണ് അദ്ദേഹം ആകാശവാണി ഭവനിലേക്ക് പ്രവേശിച്ചത്. പിന്നാലെ പ്രിയങ്കാഗാന്ധിയും കെ സി വേണുഗോപാലും എത്തുകയായിരുന്നു.
Content Highlights:Rahul Gandhi intensified his protest demanding Gyanesh Kumar’s resignation, staging a sit-in protest near the Akashvani premises.