

ഗതാഗത മേഖലയെ കൂടുതൽ സ്മാർട്ടും സുരക്ഷിതവും കാര്യക്ഷമവും ആക്കുന്നതിനായി അടുത്ത വർഷം രാജ്യത്തുടനീളം 10,000ത്തിലധികം ഡ്രൈവറില്ലാ ടാക്സികളും ഡെലിവറി വാനുകളും നിരത്തിലിറങ്ങുമെന്ന് യുഎഇ. നഗരങ്ങളിലെ യാത്രാ സംവിധാനത്തിലും ചരക്ക് വിതരണ മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതിയാണിതെന്ന് യുഎഇ അഡ്വാൻസ്ഡ് ടെക്‌നോളജി റിസർച്ച് കൗൺസിലിന്റെ സെക്രട്ടറി ജനറലായ ഫൈസൽ അൽ ബന്നായി പറഞ്ഞു.
അബുദാബിയിൽ നടക്കുന്ന 'AI Everything Abu Dhabi' സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ നൂറുകണക്കിന് വാഹനങ്ങളുള്ള സ്വയം നിയന്ത്രിത ഗതാഗത സംവിധാനം, അടുത്ത വർഷം ആയിരക്കണക്കിന് വാഹനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വയം നിയന്ത്രിത ടാക്സികളും വാനുകളും വിന്യസിക്കുന്ന രാജ്യമായി യുഎഇ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ അബുദാബിയിലും ദുബായിലും പരിമിത തോതിൽ ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വ്യാപക വിന്യാസത്തിന് മുമ്പ് സാങ്കേതിക സംവിധാനങ്ങൾ പരീക്ഷണങ്ങളും സുരക്ഷാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. ഈ വർഷം ആദ്യം അബുദാബിയിലെ യാസ് ദ്വീപിൽ ലെവൽ 4 സ്വയം നിയന്ത്രിത ടാക്സി സേവനങ്ങൾ വിപുലീകരിച്ചിരുന്നു. കൂടാതെ ദുബായിൽ ഉം സുഖൈം, ജുമൈറ മേഖലകൾ ഉൾപ്പെടെ ചില പ്രദേശങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ ടാക്സി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും പൂർണമായും ഡ്രൈവറില്ലാ ലെവൽ 4 വാഹനങ്ങളുടെ വാണിജ്യ സേവനം ആരംഭിച്ച ആദ്യ നഗരമായി അബുദാബി ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. സ്വയം നിയന്ത്രിത ഗതാഗത രംഗത്തോടൊപ്പം റോബോട്ടിക്സ് മേഖലയിലും വൻ വളർച്ച പ്രതീക്ഷിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധന, നിരീക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ അടുത്ത വർഷം ആയിരക്കണക്കിന് റോബോട്ടുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: UAE expects more than 10,000 autonomous taxis and delivery vans to operate across the country next year as part of a major expansion of driverless transport services