

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പൊലീസ് നടപടി ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി. ഇതെന്ത് ജനാധിപത്യമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഞങ്ങള്‍ രാജ്യത്തിന്റെ പ്രതിനിധികളാണ്. ജനപ്രതിനിധികളെ കാണാന്‍ കമ്മീഷന്‍ കൂട്ടാക്കുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലേ എന്നും രാഹുല്‍ ചോദിച്ചു. സമരമവസാനിപ്പിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. 300 ഓളം ജനപ്രതിനിധികളെയാണ് പൊലീസ് തടഞ്ഞത്. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് സമരമെന്നും ഡല്‍ഹി പൊലീസിനെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കുറ്റം ചെയ്തവര്‍ രക്ഷപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആകാശവാണി ഭവന്റെ ആല്‍മരച്ചുവട്ടില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. പ്രതിഷേധം രണ്ടര മണിക്കൂര്‍ പിന്നിട്ടു. ഇരുവരോടും ഇവിടെ നിന്ന് മാറണമെന്ന് പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും അതിനുള്ള മറുപടിയായാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും ആകാശവാണി ഭവനില്‍ തന്നെ പ്രതിഷേധം തുടരുമെന്ന് അറിയിച്ചതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിച്ചേരുകയാണ്. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്താലും പൊലീസ് അടിച്ചമര്‍ത്തിയാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും പുറമേ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ്, സുപ്രിയ സുലേ, എ എ റഹീം എംപി അടക്കമുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. മാര്‍ച്ച് അഞ്ഞൂറ് മീറ്റര്‍ പിന്നിട്ട് ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചത് പ്രവര്‍ത്തകര്‍ തടയുന്നതിനിടെയാണ് അദ്ദേഹം ആകാശവാണി ഭവനിലേക്ക് പ്രവേശിച്ചത്. പിന്നാലെ പ്രിയങ്കാഗാന്ധിയും കെ സി വേണുഗോപാലും എത്തുകയായിരുന്നു.
Content Highlights: Rahul Gandhi questioned the Delhi Police action during the INDIA bloc protest demanding Chief Election Commissioner Gyanesh Kumar’s resignation, saying elected representatives should be allowed to meet the Election Commission