ഫ്ലൈദുബായ് പൈലറ്റിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ട്; അടിയന്തര ശസ്ത്രക്രിയ നടത്തി

നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍

ഫ്ലൈദുബായ് പൈലറ്റിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ട്; അടിയന്തര ശസ്ത്രക്രിയ നടത്തി
dot image

അബുദാബി: ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ആക്രമണത്തില്‍ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. വിമാനത്തിന്റെ കോക്പിറ്റിനുള്ളില്‍ ഒമാനി സഹപൈലറ്റ് ആക്രമിച്ചതിനെ തുടര്‍ന്നാണ് തലയോട്ടിക്ക് പൊട്ടലുണ്ടായത്. ആക്രമണത്തില്‍ മച്ചാറിന്റെ തലയോട്ടിയില്‍ ഡിപ്രെസ്ഡ് ഫ്രാക്ചര്‍ അഥവാ ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ട്. തലയോട്ടിയുടെ ഒരു ഭാഗം അകത്തേക്ക് അമര്‍ന്നുപോകുന്ന തരത്തിലുള്ള ഗുരുതര പരിക്കാണിത്. സൗദിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയതായാണ് റിപ്പോര്‍ട്ട്. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

കൈകാലുകള്‍, നെഞ്ച്, വയറിന്റെ മുകള്‍ഭാഗം എന്നിവിടങ്ങളിലും പൈലറ്റിന് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അബുദാബിയിലെ മിലിട്ടറി ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

സഹപൈലറ്റില്‍ നിന്ന് ആക്രമിക്കപ്പെട്ട 38കാരനായ ക്യാപ്റ്റന്‍ കടുത്ത വേദനയും രക്തസ്രാവവും അവഗണിച്ച് കോക്പിറ്റ് വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും അകത്തേക്ക് എത്തി സഹപൈലറ്റിനെ നിയന്ത്രിക്കുകയും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. പിന്നീട് സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീഡിയോ കോളില്‍ സംസാരിച്ച മച്ചാര്‍, വിമാനം ഏകദേശം 18,000 അടി താഴേക്ക് പതിച്ചപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിലും കോക്പിറ്റ് വാതില്‍ തുറക്കാന്‍ അവസാന ശ്രമം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍ ആകാതിരിക്കാനാണ് താന്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്‌ളൈദുബായ് FZ1073 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 170ലേറെ യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ വിമാനം 18,000 അടി താഴേക്ക് പതിക്കുകയും അടിയന്തരമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. ഒമാനി സഹപൈലറ്റ് ഹമദ് അല്‍-ഹമ്മാമിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റിനെ ആക്രമിച്ചതിന് പിന്നാലെ വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Indian pilot Captain Smit Machchhar is recovering in Abu Dhabi after suffering a serious skull injury during an incident involving an Omani co-pilot aboard flydubai flight FZ1073 from Dubai to Tel Aviv

dot image
To advertise here,contact us
dot image