സര്‍ക്കാർ വിലയിരുത്തലാകുമോ? രാജ്യത്തെ 6 മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; BJP ക്കും TVK ക്കും നിര്‍ണായകം

ബംഗാളില്‍ ഭരണമാറ്റം സംഭവിച്ച് ബിജെപി അധികാരത്തില്‍ വന്ന സാഹചര്യത്തിലും തമിഴ്‌നാട്ടില്‍ വിജയ്യുടെ ടിവികെ അട്ടിമറി വിജയം നേടിയ സാഹചര്യത്തിലും ഇവിടങ്ങളിടെ ഉപതെരഞ്ഞടുപ്പുകള്‍ രാജ്യം ഉറ്റുനോക്കുകയാണ്

സര്‍ക്കാർ വിലയിരുത്തലാകുമോ? രാജ്യത്തെ 6 മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; BJP ക്കും TVK ക്കും നിര്‍ണായകം
dot image

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ മണ്ഡലങ്ങള്‍, തമിഴ്‌നാടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങള്‍, പുതുച്ചേരിയിലെ തട്ടാന്‍ചാവടി മണ്ഡലം എന്നിവയ്‌ക്കൊപ്പം അസമിലെ നഗോണ്‍ ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എല്ലാ ഇടങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ വിലയിരുത്തലായി തെരഞ്ഞടുപ്പിനെ പരിഗണിക്കുന്നതിനാല്‍ പാര്‍ട്ടികൾ ജാഗ്രതയോടെയാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത്. ബംഗാളില്‍ ഭരണമാറ്റം സംഭവിച്ച് ബിജെപി അധികാരത്തില്‍ വന്ന സാഹചര്യത്തിലും തമിഴ്‌നാട്ടില്‍ വിജയ്യുടെ ടിവികെ അട്ടിമറി വിജയം നേടിയ സാഹചര്യത്തിലും ഇവിടങ്ങളിലെ ഉപതെരഞ്ഞടുപ്പുകള്‍ രാജ്യം ഉറ്റുനോക്കുകയാണ്. ഒക്ടോബര്‍ ഒമ്പതിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ബംഗാളിലെ പ്രധാന പോരാട്ടം നടക്കുന്നത് നന്ദിഗ്രാമിലാണ്. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായിരുന്ന കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഈ മണ്ഡലത്തിലും വിജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം ഒഴിയുകയായിരുന്നു. സുവേന്ദു അധികാരിയുടെ മുന്‍ സഹായിയായിരുന്ന ചന്ദ്രനാഥ് റാത്തിന്റെ മാതാവ് ഹസിറാണി റാത്തിനെയാണ് ബിജെപി ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ചന്ദ്രനാഥ് റാത്ത് കൊല്ലപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥി പിന്മാറിയതിനെത്തുടര്‍ന്ന്, മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ വിഭാഗം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലാന്‍ പ്രധാനെയാണ് നന്ദിഗ്രാമില്‍ പിന്തുണയ്ക്കുന്നത്. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ വിഭാഗം മുഹമ്മദ് എതെഷാമുല്‍ ഹഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ത്രികോണമത്സരമാണ് ഇവിടെ നടക്കുന്നത്. കൂടാതെ സിപിഐയും മണ്ഡലത്തില്‍ മത്സരരംഗത്തുണ്ട്.

എന്നാല്‍ തൃണമൂല്‍ വിമത നേതാവായിരുന്ന പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ഹുമയൂണ്‍ കബീര്‍ വിജയിച്ച റെജിനഗറിലെ ബിജെപിയുടെ പ്രകടനമായിരിക്കും ഏറ്റവും ശ്രദ്ധേയമാവുക. ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം, തൃണമൂലിന്റെ രണ്ട് വിഭാഗങ്ങള്‍, ആം ജനത ഉന്നയന്‍ പാര്‍ട്ടി (എജെയുപി) എന്നിവര്‍ മത്സരിക്കുന്നതിനാല്‍ ഇവിടെ മത്സരം കടുക്കുമെന്നാണ് വിലയിരുത്തല്‍. നൗദ മണ്ഡലം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് റെജിനഗര്‍ സീറ്റ് ഒഴിഞ്ഞ ഹുമയൂണ്‍ കബീറിന്റെ മകന്‍ ഗുലാം നബി ആസാദിനെയാണ് എജെയുപി ഇവിടെ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയിരിക്കുന്നത്.

അക്രമസാധ്യതയുള്ള ഈ മേഖലയില്‍ സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 315 പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷയ്ക്കായി 819 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ 34 കമ്പനി കേന്ദ്ര സേനെയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.

ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടി വന്ന വിജയിയുടെ ടിവികെക്ക്, തെക്കന്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ ഒരു പരീക്ഷണമായിരിക്കും. മധുരാന്തകം, ധരാപുരം എന്നിവിടങ്ങളില്‍, എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായി വിജയിച്ച കെ മരഗതം കുമാരവേല്‍, പി സത്യഭാമ എന്നിവര്‍ ടിവികെ യിലേക്ക് മാറിയിരുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും വിജയ് വിപുലമായ പ്രചാരണം നടത്തി. ഇത് വിജയ്‌യുടെ ആത്മവിശ്വാസമില്ലായ്മയുടെ ലക്ഷണമാണെന്നാരോപിച്ച് പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തി. ടിവികെ, എഐഎഡിഎംകെ എന്നിവയ്ക്ക് പുറമെ ഡിഎംകെ, സിപിഐ, സിപിഐഎം സ്ഥാനാര്‍ത്ഥികളും ഈ മണ്ഡലങ്ങളില്‍ മത്സരരംഗത്തുണ്ട്. പുതുച്ചേരിയിലെ തട്ടാന്‍ചാവടിയും അസമിലെ നാഗോണും ഉപതെരഞ്ഞെടുപ്പ് ചിത്രത്തില്‍ പ്രധാനപ്പെട്ടതാണ്.

Content Highlights: Six bypolls are being held across three states and one Union Territory, covering constituencies in West Bengal, Tamil Nadu, Puducherry and Assam. Parties are approaching the contests cautiously as the results are being viewed as an assessment of the respective governments, with counting scheduled for October 9.

dot image
To advertise here,contact us
dot image