

ബിസിസിഐയുടെ ചീഫ് സെലക്ടര്‍ എന്ന നിലയിലുള്ള അജിത് അഗാര്‍ക്കറുടെ കാലാവധി അവസാനിച്ചതായി സൂചന. ഒക്ടോബര്‍ 4-ന് അഗാര്‍ക്കറുടെ കരാര്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഗുവാഹത്തിയില്‍ നടന്ന ഇന്ത്യന്‍ ടീം സെലക്ഷന്‍ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. നിലവില്‍ സെലക്ഷന്‍ പാനലില്‍ അംഗമായ മുന്‍ ഇന്ത്യന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയോട് താത്കാലികമായി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചീഫ് സെലക്ടര്‍ പദവിയിലേക്ക് സ്ഥിരമായി എത്താനുള്ള സാധ്യതയുള്ള പ്രധാനപ്പെട്ടയാളായും ഓജ ഉയര്‍ന്നുവന്നിട്ടുണ്ട്.
'ബിസിസിഐയില്‍ എന്തും സംഭവിക്കാം, അത് മുന്‍കൂട്ടി പറയാനാവില്ല. എങ്കിലും എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളാണ് ഓജ' -ബിസിസിഐയിലെ അംഗം വെളിപ്പെടുത്തിയിട്ടുണ്ട്. അഗാര്‍ക്കര്‍ക്ക് പകരം ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള പ്രധാന സ്ഥാനാര്‍ത്ഥിയായി പ്രഗ്യാന്‍ ഓജ ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവിലെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ (24 മത്സരം) കളിച്ച വ്യക്തി എന്ന നിലയില്‍ അദ്ദേഹം ഈ സ്ഥാനത്തേക്ക് അനുയോജ്യനായ സ്വാഭാവിക തിരഞ്ഞെടുപ്പാണ്. ശിവസുന്ദര്‍ ദാസ് 23 ടെസ്റ്റുകളും, ആര്‍.പി. സിംഗ് 14 ടെസ്റ്റുകളും, അജയ് രാത്ര 6 ടെസ്റ്റുകളുമാണ് കളിച്ചിട്ടുള്ളത്.
അഗാര്‍ക്കറുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിലവില്‍ വ്യക്തമായ ഒരു തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രഗ്യാന്‍ ഓജ തന്നെ ചെയര്‍മാനായി തുടരുമോ അതോ പുതിയൊരാളെ നിയമിക്കുമോ എന്ന കാര്യം തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ത്ഥിവ് പട്ടേലിന്റെ പേരും ഈ പദവിയുമായി ബന്ധപ്പെട്ട് വരുന്നുണ്ട്.
ന്യൂസീലന്‍ഡിനെതിരായ വരാനിരിക്കുന്ന ട്വന്റി-20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമിനെ തീരുമാനിക്കുന്നതിനായി സെലക്ടര്‍മാര്‍ ഈ ആഴ്ച യോഗം ചേരുമെന്നാണ് വിവരം. ന്യൂസിലന്‍ഡിനെതിരെ അഞ്ച് ട്വന്റി-20, അഞ്ച് ഏകദിനങ്ങള്‍, രണ്ട് ടെസ്റ്റുകള്‍ എന്നിവയാണ് ഇന്ത്യ കളിക്കുന്നത്.
ആര് ചീഫ് സെലക്ടറായി തിരഞ്ഞെടുക്കപ്പെട്ടാലും, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന 2027 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക എന്ന വലിയ ഉത്തരവാദിത്തം അവര്‍ക്ക് ഏറ്റെടുക്കേണ്ടി വരും. രോഹിത് ശര്‍മയുടെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതും, ഓള്‍റൗണ്ടര്‍മാരെയും ഫാസ്റ്റ് ബൗളര്‍മാരെയും തിരഞ്ഞെടുക്കുന്നതിലെ അനിശ്ചിതത്വങ്ങള്‍ പരിഹരിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.
content highlights: Ajit Agarkar Steps Down; Former Spinner Pragyan Ojha Set to Become Interim Chief Selector