വോട്ട് ചോര്‍ച്ച രാജ്യദ്രോഹപരമായ കുറ്റം, ഗ്യാനേഷ് കുമാര്‍ രാജിവെക്കണം: സഫാരി സൈനുല്‍ ആബിദീന്‍

ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം കളികള്‍ക്കെതിരെ 'ഇന്‍ഡ്യ' മുന്നണി ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുകയാണെന്നും സൈനുല്‍ ആബിദീന്‍

വോട്ട് ചോര്‍ച്ച രാജ്യദ്രോഹപരമായ കുറ്റം, ഗ്യാനേഷ് കുമാര്‍ രാജിവെക്കണം: സഫാരി സൈനുല്‍ ആബിദീന്‍
dot image

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സഫാരി സൈനുല്‍ ആബിദീന്‍. ഇന്ത്യന്‍ ഭരണഘടനയുടെ 324-ാം അനുച്ഛേദം അനുശാസിക്കുന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഭരണകൂട വിധേയത്വത്തിന്റെ താവളമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേവലം 10 മാസത്തിനിടെ 14 തവണയാണ് സഹപ്രവര്‍ത്തകരായ കമ്മീഷണര്‍മാര്‍ക്ക് ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ തീരുമാനങ്ങള്‍ക്കെതിരെ രേഖാമൂലം വിയോജനക്കുറിപ്പുകള്‍ എഴുതേണ്ടി വന്നതെന്ന് സൈനുല്‍ ആബിദീന്‍ പറഞ്ഞു. 'ECINet' എന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെയറിൻ്റെയും ഫോം-6 മാറ്റങ്ങളുടെയും മറവില്‍ ദലിത്, ന്യൂനപക്ഷ, നവവോട്ടര്‍മാരുടെ വോട്ടുകള്‍ ആസൂത്രിതമായി വെട്ടിമാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

'വോട്ട് ചോര്‍ച്ച എന്നത് ഭരണഘടനാ ലംഘനം മാത്രമല്ല, രാജ്യദ്രോഹപരമായ കുറ്റമാണ്. ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെച്ച് സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള വിചാരണ നേരിടണം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം കളികള്‍ക്കെതിരെ 'ഇന്‍ഡ്യ' മുന്നണി ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുകയാണ്. ഇന്നത്തെ വഞ്ചനാ ദിനാചരണവും രാജ്യമൊട്ടാകെയുള്ള മാര്‍ച്ചുകളും വഴി ഭരണകൂടത്തിന്റെ ഈ വോട്ട് മോഷണത്തെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അടക്കമുള്ള ഇന്‍ഡ്യ മുന്നണി ജനങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായും തുറന്നുകാട്ടും', സൈനുല്‍ ആബിദീന്‍ പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ച് ജന്തര്‍ മന്തറിലേക്ക് ഡിവൈഎഫ്‌ഐ സമരം നടത്തി. ജന്തര്‍ മന്തറിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം, ബൃന്ദ കാരാട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ബാരിക്കേഡ് മറിച്ചിട്ട് പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്. 5000 ത്തോളം പൊലീസുകാരെ അണി നിരത്തിയെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഡല്‍ഹി പൊലീസിന് സാധിച്ചില്ല.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും പ്രകടനമായി ജന്തര്‍ മന്തറിലേക്ക് എത്തി. ഇടതുപക്ഷ എംപിമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. യൂത്ത് ലീഗിന്റെയും എഐഎസ്എഫിന്റെയും നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഷിബു മീരാനെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിന് മുമ്പ് സമരവുമായി എത്തിയ ഐസ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തര്‍ മന്തറിലേക്ക് ആരേയും കടത്തി വിടാന്‍ പൊലീസ് അനുവദിച്ചില്ല. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ വീണ്ടും പ്രവര്‍ത്തകര്‍ തമ്പടിച്ച് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യവുമുണ്ടാകുന്നുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ഉണ്ടാകാതെ പ്രതിഷേധ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ജന്തര്‍ മന്തറിലേക്ക് പ്രകടനവുമായി എത്തിയ ഐസ പ്രവര്‍ത്തകരെ പൊലീസ് അടിച്ചോടിക്കുന്ന സാഹചര്യവുമുണ്ടായി. വൈകിട്ട് നാല് മണിക്ക് മുംബൈ ശിവാജി പാര്‍ക്കില്‍ സിജെപിയുടെ പ്രതിഷേധവും ആരംഭിച്ചു. ദേശീയ പതാകയേന്തിയും ഗാന്ധിജിയുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചുമാണ് യുവതി-യുവാക്കള്‍ സിജെപി സമരത്തില്‍ പങ്കെടുക്കുന്നത്.


Content Highlights: Indian Union Muslim League national vice president Safari Zainul Abideen has demanded the resignation of Chief Election Commissioner Gyanesh Kumar. The statement has drawn attention amid discussions surrounding the functioning of the Election Commission.

dot image
To advertise here,contact us
dot image