വിവാഹ വാഗ്ദാനം നൽകി പീഡനം: കോൺഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസ് നേതാവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം

കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുത്ത പരിപാടികളില്‍ ആരോപണവിധേയരായ നേതാക്കള്‍ പങ്കെടുത്തതിലും കടുത്ത പ്രതിഷേധമുണ്ട്

വിവാഹ വാഗ്ദാനം നൽകി പീഡനം: കോൺഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസ് നേതാവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം
dot image

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കോണ്‍ഗ്രസ് അനുകൂല സംഘടനാ (ഇന്‍കാസ്) നേതാവിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം. ഇന്‍കാസ് യുഎഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി സി എ ബിജുവിനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ ഇന്‍കാസിന്റെ യുഎഇ ഘടകത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഘടനയിലെ ഉന്നത നേതാവിനെതിരെ ഗുരുതര ലൈംഗികാരോപണം ഉയര്‍ന്നിട്ടും പാര്‍ട്ടി നടപടി സ്വീകരിക്കാത്തതില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംഘടനയ്ക്കുള്ളില്‍ ഉയരുന്നത്.

ഇന്‍കാസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രവര്‍ത്തകര്‍ അവരുടെ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുത്ത പരിപാടികളില്‍ ആരോപണവിധേയരായ നേതാക്കള്‍ പങ്കെടുത്തതിലും കടുത്ത പ്രതിഷേധമുണ്ട്. അതേസമയം ഈ ആരോപണങ്ങളില്‍ വ്യക്തത വരുത്താനോ വിശദീകരണം നല്‍കാനോ ആരോപണ വിധേയര്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി വി ഡി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ നേരില്‍ കണ്ട് അറിയിക്കാന്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഈ ആഴ്ച തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.

യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേരള ഡിജിപിക്കും ദുബായ് പൊലീസിലും ഇമെയില്‍ മുഖേന പരാതി നല്‍കുകയായിരുന്നു. യുഎഇയില്‍ നിയമപരമായി വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി ദുബായിലെയും കായംകുളത്തെയും വീടുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയുടെ ബാങ്ക് വായ്പകള്‍ വീട്ടാമെന്നും മക്കളുടെ ഭാവി സംരക്ഷിക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു ഈ നേതാവ് സൗഹൃദം സ്ഥാപിച്ചത്.

മകളുടെ വിവാഹശേഷം തീരുമാനമെടുക്കാമെന്ന് പറഞ്ഞ് ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ അയാള്‍ നീട്ടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു മകളുടെ വിവാഹം. എന്നാല്‍ മകളുടെ വിവാഹശേഷവും വാഗ്ദാനം പാലിക്കാതെ ഒഴിവാകാന്‍ ശ്രമിക്കുകയും ദുബായ് ഖിസൈസിലെ ബിസിനസ് സ്ഥാപനത്തിലെത്തിയ യുവതിയെ ആക്ഷേപിച്ച് ഇറക്കിവിട്ടെന്നും പരാതിയുണ്ട്. തനിക്കെതിരെ ലൈംഗികച്ചുവയുള്ള വ്യാജ കഥകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇന്‍കാസിലെ പ്രമുഖര്‍ ഇയാളെ സഹായിക്കുന്നുണ്ടെന്നും യുവതി പറയുന്നു. തന്റെ ആകെയുണ്ടായിരുന്ന ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാല്‍ ജപ്തി നടപടി നേരിടുകയാണെന്നും നീതിക്കായി അവസാന നിമിഷം വരെ പോരാടുമെന്നും യുവതി പറഞ്ഞു.

Content Highlights:

dot image
To advertise here,contact us
dot image