

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഖ്ബിര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് വിയോജിച്ചത്. 10 മാസത്തിനിടെ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. പല തീരുമാനങ്ങളും ഈ രണ്ട് കമ്മീഷണര്‍മാരുടേയും അറിവില്ലാതെയാണ് കൈക്കൊള്ളുന്നതെന്നാണ് ഇവര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പലതും അവഗണിച്ചതായും വിവരമുണ്ട്. നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് എടുത്ത തീരുമാനങ്ങള്‍ നിയമവിരുദ്ധമാണെന്നും കമ്മീഷണര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ചുമതലകളുമായി ബന്ധപ്പെട്ടാണ് ഇവര്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയത്. പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യലും തിരിച്ചുകൊണ്ടുവരലും, എസ്‌ഐആര്‍ നടപടിക്രമങ്ങളിലൂടെ വോട്ടര്‍മാരുടെ പേരുകള്‍ പുനഃസ്ഥാപിക്കുന്നതിനെതിരായ അപ്പീലുകള്‍ സമര്‍പ്പിക്കല്‍, വോട്ടര്‍ പട്ടികയുടെ സംരക്ഷണവും സുരക്ഷയും എന്നീ വിഷയങ്ങളില്‍ ഇവര്‍ അഭിപ്രായങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തിയിരുന്നു. ഇവയുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപങ്ങളുടെയും പകര്‍പ്പുകള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും അയച്ചുനല്‍കി. ചിലത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും നല്‍കി.
എന്നാല്‍ രണ്ട് കമ്മീഷണര്‍മാരുടെ രേഖാമൂലമുള്ള ഉപദേശത്തിന് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചതെന്നാണ് സന്ധു ആരോപിക്കുന്നത്. കമ്മീഷന്റെ നടപടി അംഗീകാരമില്ലാത്തതും നിയമവിരുദ്ധവുമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി, ജോഷിയും സന്ധുവും ക്യാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേകം കത്തുകള്‍ അയച്ചു. തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയുടെ ഐടി സംവിധാനത്തിന്മേലുള്ള ഒരു മേല്‍നോട്ട ഘട്ടം ഒഴിവാക്കുന്ന തരത്തില്‍ ജോലി ചുമതലകളില്‍ മാറ്റം വരുത്തിയതിനെക്കുറിച്ചായിരുന്നു ആ പരാതികള്‍. തങ്ങളുടെ അറിവോടെയല്ല ഈ മാറ്റങ്ങള്‍ വരുത്തിയതെന്നും, അതിനാല്‍ അവ റദ്ദാക്കുകയാണെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു. സെപ്റ്റംബര്‍ 9-നാണ് ഇതിന് ശേഷം ചീഫ് ഇലക്ഷന്‍ കമ്മീഷണറും രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. നാല് മാസത്തിനിടെ മൂവരും ചേര്‍ന്ന് നടത്തിയ ആദ്യത്തെ പൂര്‍ണ യോഗമായിരുന്നു ഇത്.
പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷനായി നല്‍കുന്ന ഫോം-6ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരുത്തിയ മാറ്റത്തിനെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും നേരത്തെ തന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ജൂലൈയില്‍ മാറ്റം വരുത്തിയ ഫോമില്‍, പുതിയ വോട്ടറോ അവരുടെ മാതാപിതാക്കളോ മുത്തശ്ശന്‍-മുത്തശ്ശിയോ മുന്‍ എസ്‌ഐആറിന്റെ സമയം വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കുന്ന പുതിയ ചോദ്യം ഉള്‍പ്പെടുത്തി. ഈ ചോദ്യം ഒഴിവാക്കാതെ അപേക്ഷ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്യാതെ ഫോം-6ല്‍ ഇത്തരമൊരു മാറ്റം വരുത്താനാകില്ലെന്ന് മെയ് മാസത്തില്‍ ജോഷി ചൂണ്ടിക്കാട്ടിയെങ്കിലും മാറ്റം നടപ്പാക്കിയതായി ഇവര്‍ പറയുന്നു. ഓഗസ്റ്റ് 13ന് സന്ധു ഈ മാറ്റത്തെ 'അനധികൃതവും നിയമവിരുദ്ധവും' എന്ന് രേഖപ്പെടുത്തി ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നെയും ചോദ്യം ഫോമില്‍ തുടരുകയായിരുന്നു.
വോട്ടര്‍ പട്ടികയുടെ നിയന്ത്രണം പ്രാദേശികതലത്തിലുള്ള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരില്‍ (ERO) തുടരണമെന്നാണ് നിലവിലെ സംവിധാനത്തില്‍ ഉള്ളത്. എന്നാല്‍ വോട്ടര്‍ പട്ടിക കൈകാര്യം ചെയ്യുന്ന 'ERONet' സംവിധാനത്തിലേക്കുള്ള ഇആര്‍ഒമാരുടെ പ്രവേശനം നിയന്ത്രിക്കപ്പെടുന്നതായി രണ്ട് കമ്മീഷണര്‍മാരും ആശങ്ക രേഖപ്പെടുത്തിയിരുന്നു. മെയ് മാസത്തില്‍ ജോഷി വോട്ടര്‍ ഡാറ്റാബേസ് ക്രമേണ കേന്ദ്രവത്കരിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടി, നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പട്ടികയില്‍ മാറ്റം വരുത്താന്‍ കഴിയുന്നതെന്ന് ഉറപ്പാക്കുന്ന ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റില്‍ സന്ധുവും സംസ്ഥാനതല ഉദ്യോഗസ്ഥര്‍ക്ക് ഇറോനെറ്റില്‍ പൂര്‍ണമായ പ്രവേശനം ലഭിക്കുന്നില്ലെന്നും രേഖപ്പെടുത്തി. പശ്ചിമ ബംഗാളില്‍ എസ്‌ഐആര്‍ നടപടിക്കിടെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയ വോട്ടര്‍മാര്‍ക്കെതിരെ കമ്മീഷന്‍ അപ്പീല്‍ നല്‍കിയതിലും ആരാണ് അനുമതി നല്‍കിയതെന്നും ആരാണ് അപ്പീലുകള്‍ സമര്‍പ്പിച്ചതെന്നും വ്യക്തമാക്കണമെന്നും സന്ധു ചോദിച്ചു. ഗോവയിലും സോഫ്റ്റ്വെയര്‍ സംവിധാനത്തിലെ പരിമിതികള്‍ പ്രശ്‌നമായി. രേഖകള്‍ പരിശോധിച്ച ശേഷം 97 പേരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇആര്‍ഒമാര്‍ തീരുമാനിച്ചെങ്കിലും ആ തീരുമാനം സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്താനുള്ള സംവിധാനം സമയത്ത് ലഭ്യമാകാതിരുന്നതിനാല്‍ ഇവര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.
ഇത്തരം വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഒറ്റയ്ക്കല്ലെന്നും, മൂന്ന് അംഗങ്ങളും തുല്യ പദവിയിലുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നുമാണ് കമ്മീഷണര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 324 പ്രകാരവും 2023ലെ ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെയും മറ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാരുടെയും നിയമപ്രകാരവും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സാധ്യമായിടത്തോളം ഏകകണ്ഠമായിരിക്കണം. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഭൂരിപക്ഷ അഭിപ്രായമാണ് അംഗീകരിക്കേണ്ടത്. കമ്മീഷന്റെ നടപടിക്രമങ്ങളും ജോലിവിഭജനവും പോലും ഏകകണ്ഠമായ തീരുമാനത്തിലൂടെയായിരിക്കണം നിശ്ചയിക്കേണ്ടത്.
Content Highlights: The Indian Express has reported differences within the Election Commission, with Election Commissioners Sukhbir Singh Sandhu and Vivek Joshi recording dissent on several decisions, including matters related to the Special Intensive Revision (SIR). The report says the two commissioners recorded 14 objections over 10 months and raised concerns that some decisions were taken without their knowledge and that several of their suggestions were not considered.