ചെങ്കോട്ട സ്‌ഫോടനക്കേസ്: 'യുപി നിയമസഭയും യോഗിയുടെ ഓഫീസും അടക്കം പ്രതികള്‍ ലക്ഷ്യംവെച്ചു'; കുറ്റപത്രത്തില്‍ NIA

ഭാവിയില്‍ ആക്രമണം നടത്തുകയാണെങ്കില്‍ അത് ഉത്തര്‍പ്രദേശില്‍ നടത്താനാണ് ഇവര്‍ ഉദ്ദേശിച്ചിരുന്നതെന്നും എന്‍ഐഎയുടെ കുറ്റപത്രത്തിലുണ്ട്

ചെങ്കോട്ട സ്‌ഫോടനക്കേസ്: 'യുപി നിയമസഭയും യോഗിയുടെ ഓഫീസും അടക്കം പ്രതികള്‍ ലക്ഷ്യംവെച്ചു'; കുറ്റപത്രത്തില്‍ NIA
dot image

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയവര്‍ ഉത്തര്‍പ്രദേശിലെ ലോക്ഭവന്‍ അടക്കം ലക്ഷ്യം വെച്ചിരുന്നതായി എന്‍ഐഎ. ലോക്ഭവന്‍, നിയമസഭ, ബാപ്പു ഭവന്‍ അടക്കം സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ ലക്ഷ്യം വെച്ചിരുന്നതായാണ് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ പ്രതികളും ഡോക്ടര്‍മാരുമായ മുസമ്മില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരാണ് ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. ഭാവിയില്‍ ആക്രമണം നടത്തുകയാണെങ്കില്‍ അത് ഉത്തര്‍പ്രദേശില്‍ നടത്താനാണ് ഇവര്‍ ഉദ്ദേശിച്ചിരുന്നതെന്നും എന്‍ഐഎയുടെ കുറ്റപത്രത്തിലുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ലോക്ഭവനിലാണ്. ബാപ്പു ഭവനിലാണ് സെക്രട്ടേറിയറ്റും മറ്റ് ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. ലോക്ഭവനും ബാപ്പു ഭവനും പുറമേ നിയമസഭയും ചെങ്കോട്ട സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ ലക്ഷ്യംവെച്ചിരുന്നുവെന്നാണ് എന്‍ഐഎ പറയുന്നത്. അല്‍-ഖ്വയ്ദ ഇന്‍ ദി ഇന്ത്യന്‍ സബ്‌കോണ്ടിനന്റുമായി ബന്ധമുള്ള അന്‍സാര്‍ ഗസ്‌വത്-ഉല്‍ ഹിന്ദ് എന്ന ഭീകരസംഘടനയുടെ ആശയങ്ങള്‍ ഉത്തര്‍പ്രദേശില്‍ പ്രചരിപ്പിക്കുന്നതിനായി ഒരു പരിചയക്കാരനെ മുസമ്മില്‍ ഒപ്പം ചേര്‍ത്തതായി എൻഐഎ പറയുന്നു. ഇയാളെ ഹരിയാനയിലെ ദൗജിന് പുറമേ ഉത്തര്‍പ്രദേശിലെ ലഖ്‌നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെടുത്തി. നിയമസഭ, ലോക്ഭവന്‍, ബാപ്പു ഭവന്‍ അടക്കമുള്ള പ്രദേശങ്ങളിൽ മുസമ്മില്‍ അടക്കം രഹസ്യാന്വേഷണം നടത്തി. ചില വസ്തുക്കളുടെ ലഭ്യത അറിയുന്നതിനായി ലഖ്‌നൗവില്‍ സന്ദര്‍ശനം നടത്തിയതായി മുസമ്മില്‍ വെളിപ്പെടുത്തിയിരുന്നു. ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ ട്രയാസെന്റോണ്‍ ട്രൈപെറോക്‌സൈഡി(TATP)ന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്നും ടിഎടിപിയില്‍ ചില പരീക്ഷണങ്ങള്‍ നടത്തുന്നതിനും ചില അസംസ്കൃത വസ്തുക്കൾ സംഘടിപ്പിക്കുന്നതിനുമായാണ് മുസമ്മില്‍ ലഖ്‌നൗവില്‍ എത്തിയതെന്നുമാണ് എന്‍ഐഎ പറയുന്നത്.

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ബുധനാഴ്ചയായിരുന്നു എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. പതിനൊന്ന് പ്രതികള്‍ക്കെതിരെയാണ് എന്‍ഐഎയുടെ കുറ്റപത്രം. 7,500 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ 588 സാക്ഷികളുടെ മൊഴികളും 395 ലധികം രേഖകളും 200ലധികം തൊണ്ടിമുതലുകളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചതായി എന്‍ഐഎ പറഞ്ഞു. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡോ. ഉമര്‍ നബിയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. വര്‍ഷങ്ങളായി ഭീകരശൃംഖല പുനരുജ്ജീവിപ്പിക്കാന്‍ ഉമര്‍ ശ്രമിച്ചു. ഇതിനായി ആയുധങ്ങളും സ്‌ഫോടനവസ്തുക്കളും സമാഹരിച്ചതായും എന്‍ഐഎ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2025 നവംബര്‍ പത്തിനായിരുന്നു ചെങ്കോട്ടയില്‍ രാജ്യത്തെ നടുക്കിയ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ മുഖ്യ ആസൂത്രകനെന്ന് എന്‍ഐഎ ആരോപിക്കുന്ന ഡോ. ഉമര്‍ നബിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights- The NIA chargesheet in the Red Fort blast case states that the accused allegedly targeted the Uttar Pradesh Assembly and the office of Chief Minister Yogi Adityanath.

dot image
To advertise here,contact us
dot image