സര്‍ക്കാര്‍ പരിപാടിയില്‍ വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

'വന്ദേമാതര'ത്തിലെ ആറ് ഖണ്ഡികകളും പാടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരിയില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു

സര്‍ക്കാര്‍ പരിപാടിയില്‍ വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍
dot image

ബെംഗലൂരു: വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം അലപിച്ചാല്‍ മതിയെന്ന് ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍. എന്നാല്‍ രാഷ്ട്രപതി, ഉപരാഷ്ടപതി, പ്രധാനമന്ത്രി എന്നിവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഉത്തരവ് ബാധകമല്ല. സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ക്ക് ബാധകമാകുന്ന മാനദണ്ഡമാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. 'വന്ദേമാതരം', 'ജനഗണമന' എന്നിവ ഒരുമിച്ച് ആലപിക്കുമ്പോള്‍ 'വന്ദേമാതര'ത്തിലെ ആറ് ഖണ്ഡികകളും പാടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരിയില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

'വന്ദേമാതര'ത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം ഈ നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നത്. എങ്കിലും, 'വന്ദേമാതരം' സംബന്ധിച്ച് 1937-ല്‍ കൈക്കൊണ്ട തീരുമാനപ്രകാരം തന്നെ മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഓഗസ്റ്റ് 19-ന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരത്തിൻ്റെ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കൂ. പാര്‍ട്ടി പരിപാടികളില്‍ 'വന്ദേമാതരം' പൂര്‍ണ്ണരൂപത്തില്‍ ആലപിക്കാത്തതിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ ഗീതത്തെ അപമാനിച്ചുവെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് ഈ തീരുമാനം ഉണ്ടായത്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനകാലത്ത് ദേശീയബോധം, ഐക്യം, ദേശസ്‌നേഹം എന്നിവ വളര്‍ത്തുന്നതില്‍ 'വന്ദേമാതരം' സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ ആമുഖത്തില്‍ പരാമര്‍ശിക്കുന്നു.

ദേശീയ ഗീതത്തിന്റെ ഔദ്യോഗിക രൂപത്തെക്കുറിച്ചും, വിവിധ സര്‍ക്കാര്‍-പൊതു ചടങ്ങുകളില്‍ അത് ആലപിക്കുന്നതിനോ സംപ്രേഷണം ചെയ്യുന്നതിനോ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അതില്‍ പറയുന്നുണ്ട്. ദേശീയ ഗീതം സംപ്രേഷണം ചെയ്യേണ്ടതും കൂട്ടായി ആലപിക്കേണ്ടതുമായ സന്ദര്‍ഭങ്ങള്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. കര്‍ണാടകയിലെ സര്‍ക്കാര്‍ പരിപാടികളിലും ചടങ്ങുകളിലും 'വന്ദേമാതരം' ആലപിക്കുമ്പോഴോ സംപ്രേഷണം ചെയ്യുമ്പോഴോ ഏകീകൃതമാകുകയും, അന്തസ്സും ഉചിതമായ നടപടിക്രമങ്ങളും ഉറപ്പാക്കുകയുമാണ് ഈ ഉത്തരവിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Content Highlights: The Karnataka government has decided that two stanzas of Vande Mataram will be sufficient at government programmes, except events attended by the President, Vice President or Prime Minister. The decision comes amid a wider debate over the singing of the national song, after the Union Home Ministry had earlier called for all six stanzas to be sung alongside Jana Gana Mana. The Karnataka order also notes Vande Mataram’s role in promoting national consciousness, unity and patriotism during India’s freedom movement.

dot image
To advertise here,contact us
dot image