

ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍. തലസ്ഥാന നഗരിയിലെ 12 സോണുകളിലായി നടത്തിയ പരിശോധയില്‍ 41 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവ് നല്‍കുകയും 61 കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും ചെയ്തു. ഇതിന് പുറമെ 32 പിജികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും മൂന്ന് കെട്ടിടങ്ങള്‍ക്ക് പൊളിക്കല്‍ ഉത്തരവുകള്‍ നല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലും കോര്‍പറേഷന്‍, നിരവധി കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതിന് 46 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. അനധികൃത നിര്‍മാണം, വസ്തുവകകളുടെ ദുരുപയോഗം, അപകടകരമായ കെട്ടിടങ്ങള്‍ എന്നിവയ്ക്കെതിരായ നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.
ഡല്‍ഹിയിലുടനീളം പേയിങ് ഗസ്റ്റ് താമസസൗകര്യങ്ങളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ വ്യാപക സര്‍വേയും കോര്‍പറേഷന്‍ നടത്തി വരികയാണ്. ഇതുവരെ ഏകദേശം 1,355 പിജി കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി ഏകദേശം 27,000 പേര്‍ താമസിക്കുന്നതായാണ് കണക്ക്. പിജി താമസസൗകര്യങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കുകയും അവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷയും നിയമാനുസൃതതയും വിലയിരുത്തുകയുമാണ് സര്‍വേയുടെ ലക്ഷ്യം. സുരക്ഷിതമല്ലാത്തതോ അനധികൃതമോ ആയ കെട്ടിടങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള തുടര്‍നടപടികള്‍ക്ക് സര്‍വേയിലെ വിവരങ്ങള്‍ ഉപയോഗിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഹോസ്റ്റലുകള്‍ക്ക് പുറമേ, ബേസ്‌മെന്റുകളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 54 കടകളും സീല്‍ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച സെപ്റ്റംബര്‍ ആറിനാണ് ആണ്‍കുട്ടികളുടെ പിജിയായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍ ഡേയ്സ് എന്ന കെട്ടിടം തകര്‍ന്ന് വീഴുന്നത്. അപകടത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 15മുറികളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഒരു മുറിയില്‍ രണ്ട് മുതല്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ വരെയായിരുന്നു താമസിച്ചിരുന്നത്. അനധികൃതമായി അധികം നിലകള്‍ സ്ഥാപിച്ചതാണ് സത്യ നികേതനിലെ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നുണ്ട്.
Content Highlights: Delhi MCD has intensified its crackdown on unauthorised and unsafe buildings, issuing demolition orders for 41 structures and sealing 61 buildings across the city’s 12 zones