729 വോട്ടര്‍മാരുണ്ടായിരുന്ന ബൂത്തില്‍ ഇപ്പോഴുള്ളത് ഒരാള്‍ മാത്രം;ഡല്‍ഹി SIRല്‍ വ്യാപക വെട്ടിനിരത്തലെന്ന് പരാതി

ഡല്‍ഹിയിലെ ലാല്‍ ഖില യമുന ബ്രിഡ്ജിലെ പോളിങ് ബൂത്തിലാണ് സംഭവം

729 വോട്ടര്‍മാരുണ്ടായിരുന്ന ബൂത്തില്‍ ഇപ്പോഴുള്ളത് ഒരാള്‍ മാത്രം;ഡല്‍ഹി SIRല്‍ വ്യാപക വെട്ടിനിരത്തലെന്ന് പരാതി
dot image

ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട് വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ ഉള്ളത് ഒരാള്‍ മാത്രം. ഡല്‍ഹിയിലെ ലാല്‍ ഖില യമുന ബ്രിഡ്ജിലെ പോളിങ് ബൂത്തിലാണ് സംഭവം. 632 വോട്ടര്‍മാര്‍ സ്ഥലം മാറിപ്പോയതായും 42 പേര്‍ മരിച്ചതായും 10 പേരുടെ പേരുകള്‍ ആവര്‍ത്തിച്ചു വന്നുവെന്നും (duplicate) ഒരാളെ കാണാനില്ലെന്നും 43 പേരെ 'മറ്റുള്ളവര്‍' (ഇഎഫ് ഫോമില്‍ ഒപ്പിടാന്‍ വിസമ്മതിച്ചവര്‍, വീട് പൊളിച്ചുമാറ്റപ്പെട്ടവര്‍ തുടങ്ങിയവ) എന്ന വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും (AERO) ബൂത്ത്-തല ഏജന്റുമാരും (BLAs) തമ്മില്‍ ഓഗസ്റ്റ് 11-ന് നടന്ന യോഗത്തിന്റെ രേഖകള്‍ പ്രകാരം വ്യക്തമാകുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ട് ബൂത്ത്-തല ഏജന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തതായി പറയപ്പെടുന്നുണ്ടെങ്കിലും രേഖയില്‍ ബിജെപിയുടെ ഏജന്റിന്റെ ഒപ്പ് മാത്രമാണുള്ളത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ബൂത്ത് ലെവല്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന 74-കാരിയായ ഗായത്രി ദേവിയെ 'എസ്‌ഐആര്‍' നടപടിക്രമങ്ങള്‍ക്ക് ശേഷം വോട്ടർ പട്ടികയിൽ നിന്ന് സ്ഥിരതാമസം മാറിയ വ്യക്തിയെന്ന് രേഖപ്പെടുത്തിയാണ് ഒഴിവാക്കിയത്. പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുകയും ബിജെപിയുടെ ബൂത്ത് ലെവൽ ഏജൻ്റായിരിക്കുകയും 2025-ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും ചെയ്തിട്ടും അവരെ സ്ഥിരമായി താമസം മാറിയ വ്യക്തിയെന്ന നിലയിലാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്. ആധാര്‍, റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ രേഖകള്‍, മാതാപിതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ എന്നിവ തന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു. 'ഇനി അവര്‍ ഞങ്ങളെ 'ഘുസ്‌പൈതിയ' (അനധികൃത കുടിയേറ്റക്കാര്‍) എന്ന് വിളിക്കുമോ?' എന്നും അവര്‍ ചോദിച്ചതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2023-ല്‍ ഈ പ്രദേശത്ത് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ നടന്നതാണ് നിലവിലെ പരാതികൾക്ക് കാരണമെന്നും വിശദീകരണമുണ്ടെന്നാണ് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കി താമസക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ തിരിച്ചെത്താമെന്നാണ് ചാന്ദ്നി ചൗക്ക് എഇആര്‍ഒ സുനില്‍ കുമാറിനെ ഉദ്ധരിച്ചുള്ള വയറിൻ്റെ റിപ്പോർട്ട്. നിലവിലുള്ള പട്ടിക ഒരു കരട് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വാടക കരാറുകള്‍, വൈദ്യുതി അല്ലെങ്കില്‍ വെള്ളക്കര ബില്ലുകള്‍ തുടങ്ങിയ രേഖകള്‍ സഹിതം 'ഫോം 6' സമര്‍പ്പിക്കാന്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വിശദീകരണമുണ്ട്.

ജെ ജെ ബെല എസ്റ്റേറ്റ് വിജയ്ഘട്ടിലെ 39-കാരനായ കമല്‍ ലാലിന്റെ പേര് 2025-ലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നിട്ടും, അദ്ദേഹത്തെ 'സ്ഥിരമായി മാറിത്താമസിച്ചയാള്‍' (permanently shifted) എന്നാണ് പട്ടികയില്‍ രേഖപ്പെടുത്തിയിരുന്നത്. 500-ലധികം എസ്‌ഐആര്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ ബിഎല്‍ഒയെ സഹായിച്ചതായും, 1961, 1975, 2002, 2025 വര്‍ഷങ്ങളിലെ വോട്ടര്‍ പട്ടികകള്‍ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു. 2023-ല്‍ നടന്ന കെട്ടിടം പൊളിക്കല്‍ നടപടിയെത്തുടര്‍ന്നാണ് തങ്ങളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അധികൃതര്‍ അറിയിച്ചതായാണ് ലാല്‍ വ്യക്തമാക്കിയത്.

സ്ഥിരതാമസ രേഖകളില്ലാത്ത ദരിദ്രരായ താമസക്കാര്‍, പ്രത്യേകിച്ച് താല്‍ക്കാലിക ഷെഡുകളിലോ കുടിലുകളിലോ കഴിയുന്നവര്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കാമെന്ന ആശങ്ക ഈ നടപടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. പൊളിച്ചുമാറ്റപ്പെട്ട കോളനികളിലെ താമസക്കാര്‍ക്ക് 'ഫോം 8' വഴി പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സെപ്റ്റംബര്‍ 8-ന് അറിയിച്ചിരുന്നു. എന്നാല്‍, താമസസ്ഥലം മാറിയതുകൊണ്ടോ മറ്റ് കാരണങ്ങളാലോ കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍, 'ക്ലെയിംസ് ആന്‍ഡ് ഒബ്ജക്ഷന്‍സ്' (അവകാശവാദങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള) കാലയളവില്‍ സത്യപ്രസ്താവനയും അനുബന്ധ രേഖകളും സഹിതം 'ഫോം 6' വഴി അപേക്ഷിക്കണമെന്ന് ഡെപ്യൂട്ടി സിഇഒ പ്രശാന്ത് കുമാര്‍ പ്രസാദ് വ്യക്തമാക്കി.

ബാധിക്കപ്പെട്ട പല താമസക്കാരും താല്‍ക്കാലിക ഷെഡുകളിലാണ് കഴിയുന്നതെന്നും അതിനാല്‍ താമസരേഖ ഹാജരാക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കാമെന്നും വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് പറഞ്ഞു. 2025-ല്‍ വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടേക്കാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. എസ്‌ഐആര്‍ ആരംഭിക്കുന്നതിന് മുന്‍പുതന്നെ ഡല്‍ഹിയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 11 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്തിരുന്നതായി അഞ്ജലി ഭരദ്വാജും 'വോട്ടര്‍ അധികാര്‍ മഞ്ചും' ചേര്‍ന്ന് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

വീടുകളോ ഔദ്യോഗികമായി അനുവദിച്ച വീട്ടുനമ്പറുകളോ ഇല്ലാത്തവര്‍ക്ക് അയല്‍വീടിന്റെ നമ്പറോ അല്ലെങ്കില്‍ 'പൂജ്യം' എന്ന നമ്പറോ നല്‍കാവുന്നതാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാന്‍ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. 2025 ജനുവരിയിലെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ പ്രകാരം 'ലാല്‍ ഖില യമുന ബ്രിഡ്ജ്' ബൂത്തില്‍ 909 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഓഗസ്റ്റിലെ എഇആര്‍ഒ-ബിഎല്‍എ രേഖകള്‍ പ്രകാരം, എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പുള്ള ഈ കണക്ക് 729 മാത്രമായിരുന്നു.

എസ്‌ഐആര്‍ നടപടികളെത്തുടര്‍ന്ന് ഡല്‍ഹിയിലെ കരട് വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം 1,45,10,299-ല്‍ നിന്ന് 97,53,577 ആയി കുറഞ്ഞു. 47 ലക്ഷത്തിലധികം പേരുകള്‍ ഒഴിവാക്കപ്പെട്ടതോടെ പട്ടികയില്‍ 33 ശതമാനത്തിന്റെ കുറവാണുണ്ടായത്. അന്തിമ കണക്കുകളില്‍ മാറ്റം വരാമെങ്കിലും, 2025-ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെത്തന്നെ, എസ്‌ഐആര്‍ കരട് പട്ടികകളുടെ മൂന്നാം ഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള പേര് ഒഴിവാക്കല്‍ രേഖപ്പെടുത്തിയത് ഡല്‍ഹിയിലാണ്.

ഡല്‍ഹിയില്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 47.56 ലക്ഷം പേരില്‍ ഭൂരിഭാഗവും താല്‍ക്കാലികമോ അനൗദ്യോഗികമോ ആയ പാര്‍പ്പിടങ്ങളില്‍ കഴിയുന്ന, തൊഴിലെടുക്കാന്‍ പ്രായമുള്ള പുരുഷന്മാരാണെന്ന് 'ദ വയര്‍' നേരത്തെ നടത്തിയ റിപ്പോര്‍ട്ടിങില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പൂര്‍വാഞ്ചല്‍ മേഖലയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആനുപാതികമല്ലാത്ത വിധം കൂടുതല്‍ ബാധിക്കപ്പെട്ടത്. സ്ഥിരതാമസക്കാരായ മധ്യവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെയല്ല, മറിച്ച് ശാരീരിക അധ്വാനം ആവശ്യമുള്ള തൊഴിലുകള്‍ തേടുന്നവരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ കൂടുതലായും കാണാനായത്. ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ചോദ്യാവലി അയച്ചിട്ടുണ്ടെന്നും, മറുപടി ലഭിച്ച ശേഷം റിപ്പോര്‍ട്ട് പുതുക്കുമെന്നുമാണ് 'ദ വയര്‍' അറിയിച്ചിരിക്കുന്നത്.

Content Highlights: A polling booth at Lal Quila Yamuna Bridge in Delhi, which had 729 voters before the Special Intensive Revision, now has only one voter in the draft electoral roll. Records of an August 11 meeting show 632 voters were classified as having shifted, 42 as deceased, 10 as duplicates, one as untraceable and 43 under “other” categories. The records also indicate that while two political parties’ booth-level agents reportedly attended the meeting, only the BJP agent’s signature appears on the document.

dot image
To advertise here,contact us
dot image