

ഗുവാഹത്തി: അസമില്‍ അസുഖബാധിതയായി ചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹപാഠികളുടെ പ്രതിഷേധം. ഗുവാഹത്തി സോനാപൂരിലുള്ള ലക്ഷ്മിഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനിലെ (എല്‍എന്‍ഐപിഇ) വിദ്യാര്‍ത്ഥിനിയായിരുന്ന ശ്രുതി ഉപാധ്യായയാണ് നഗരത്തിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
മരണകാരണം എന്താണെന്നതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ശ്രുതിക്ക് ഡോക്ടര്‍ വേദനസംഹാരികള്‍ തുടര്‍ച്ചയായി നല്‍കിയതായി അവരുടെ റൂംമേറ്റ് ശ്വേത ആരോപിച്ചു.
'എന്റെ സുഹൃത്തിന് നാല് വര്‍ഷമായി കഠിനമായ നടുവേദനയുണ്ട്. ഡോക്ടര്‍ പലതവണ വേദനസംഹാരികള്‍ നല്‍കിയെങ്കിലും അവളുടെ അവസ്ഥ മെച്ചപ്പെട്ടില്ല, വേദന വഷളായിക്കൊണ്ടിരുന്നു. അവള്‍ക്ക് ലഭിച്ച ചികിത്സ, പരിചരിച്ച ഡോക്ടര്‍മാര്‍, ലഭ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണം,' ശ്വേത പറഞ്ഞു.
മകളുടെ അവസ്ഥയെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ശ്രുതിയുടെ കുടുംബവും ആരോപിച്ചു. 'എന്റെ മകളുടെ അവസ്ഥയെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോളും എനിക്ക് ലഭിച്ചില്ല. ശ്രുതി തന്നെയാണ് എന്നെ വിളിച്ചത്. അമ്മേ, എനിക്ക് സുഖമില്ല. ഞാന്‍ ആശുപത്രിയിലാണ് എന്നവള്‍ പറഞ്ഞു', അമ്മ പറയുന്നു.
ശ്രുതി സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പരിചരിക്കുന്നുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അറിയിച്ചതായി അമ്മ പറഞ്ഞു. 'ഒടുവില്‍ ഞാന്‍ ആശുപത്രിയില്‍ എത്തി എന്റെ മകളെ കണ്ടപ്പോള്‍, എനിക്ക് അവളെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. അവളുടെ അവസ്ഥ കണ്ട് ഞാന്‍ ഞെട്ടിപ്പോയി,' അമ്മ പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്.
Content Highlights:Classmates of a student who died while undergoing treatment in Assam have staged a protest demanding an investigation into the incident