സൗദി-ഹൂതി സംഘർഷം; ഇപ്പോൾ സൈനിക നടപടിയില്ല: മുന്നറിയിപ്പിന് പിന്നാലെ അയഞ്ഞ് പാകിസ്താൻ

സമയം വരുമ്പോള്‍ ആലോചിച്ച് നടപടി എടുക്കാം എന്നാണ് പാകിസ്താന്റെ അറിയിപ്പ്

സൗദി-ഹൂതി സംഘർഷം; ഇപ്പോൾ സൈനിക നടപടിയില്ല: മുന്നറിയിപ്പിന് പിന്നാലെ അയഞ്ഞ് പാകിസ്താൻ
dot image

ഇസ്ലാമാബാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി ആക്രമണങ്ങളില്‍ ഉടന്‍ സൈനിക നടപടി ഇല്ലെന്ന് പാകിസ്താൻ. നേരത്തെ നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്താൻ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. സമയം വരുമ്പോള്‍ ആലോചിച്ച് നടപടി എടുക്കാം എന്നാണ് പാകിസ്താൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന. 'ഇപ്പോള്‍ സൈനിക നടപടിയുടെ കാര്യം ചര്‍ച്ചയിലില്ല സമയം വരുമ്പോള്‍ (ഞങ്ങള്‍) കരാറിന് അനുസൃതമായി പ്രവര്‍ത്തിക്കും,' പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് സജ്ജാദ് ഹൈദര്‍ ഖാന്‍ പറഞ്ഞു. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുര്‍ക്കിയുമായും സൗദി അറേബ്യയുമായും ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ ഇസ്ലാമാബാദ് എങ്ങനെ നിറവേറ്റാന്‍ പദ്ധതിയിടുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പാക് വിദേശകാര്യ മന്ത്രി.

കഴിഞ്ഞ മാസം പാകിസ്താന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സംയുക്തമായി പ്രതിരോധ കരാറില്‍ (മക്ക കരാർ) ഒപ്പുവെച്ചിരുന്നു. കരാര്‍ അനുസരിച്ച് മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരെയുള്ള സായുധ ആക്രമണം അവയ്ക്കെല്ലാം നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ധാരണ. ഈ കരാര്‍ നിലനില്‍ക്കെയാണ് പാകിസ്താന്റെ പ്രതികരണം ശ്രദ്ധനേടുന്നത്.

ഇതിനിടെ സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾ നിയന്ത്രിക്കാൻ ഇറാൻ ഹൂതികൾക്ക് നിർദേശം നൽകണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാറിൽ പാകിസ്താനും തുർക്കിയെയും പങ്കാളികളായതിനാൽ ഇസ്ലാമാബാദിന്റെ ഇറാനുള്ള മുന്നറിയിപ്പിന് വലിയ പ്രാധാന്യമുണ്ട്.

അതേസമയം, സൗദി-ഹൂതി സംഘർഷം ശക്തമാകുന്നുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള യെമനിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ സൗദി അറേബ്യ 54 വ്യോമാക്രമണങ്ങൾ നടത്തിയതായാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീയുടെ ആരോപണം. ഇതിന് മറുപടിയും ശിക്ഷയും നൽകാതെ പോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം തുടരുകയാണെന്ന് സൗദിയും ആരോപിച്ചു. വ്യാഴാഴ്ച പുലർച്ചെ സൗദിയിലെ വിവിധ പ്രവിശ്യകളിൽ ആക്രമണ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെ ആരോപണപ്രത്യാരോപണങ്ങൾ. നേരത്തെ സൗദിയിലെ എണ്ണ കേന്ദ്രങ്ങളെ ഹൂതികൾ ലക്ഷ്യമിടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Content Highlights: Pakistan has said it will not take military action for now amid the ongoing Saudi-Houthi tensions and issued a warning over the situation.

dot image
To advertise here,contact us
dot image