

രാജ്യത്തെ എഥനോള്‍ വ്യവസായം പുതിയൊരു വെല്ലുവിളി നേരിടുകയാണ്. പെട്രോളിൽ എഥനോള്‍ കലർത്തൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഉത്പാദനശേഷി വലിയ തോതിൽ ഉയർന്നെങ്കിലും, നിലവിലെ ആവശ്യകതയ്ക്ക് മുകളിലാണ് ഉത്പാദനശേഷി. E20 ബ്ലെൻഡിങ് ലക്ഷ്യം കൈവരിച്ചതോടെ അധിക എഥനോള്‍ ഉപയോഗപ്പെടുത്താൻ പുതിയ വിപണികൾ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്.
പെട്രോളിലെ ബ്ലെൻഡിങ്ങിന് പുറമെ എത്തനോൾ ഉപയോഗിക്കുന്ന പുതിയ മേഖലകൾ വികസിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ വ്യവസായ മേഖലകളിൽ എഥനോളിന്റെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ ഡിമാൻഡ് സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.
എഥനോൾ മേഖലയിലെ വളർച്ച ഷുഗർ മില്ലുകൾക്കും പ്രധാനമാണ്. കരിമ്പിൽ നിന്നുള്ള എഥനോൾ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ പഞ്ചസാരയുടെ അധിക ഉത്പാദനം നിയന്ത്രിക്കാനും മില്ലുകൾക്ക് അധിക വരുമാനം നേടാനും സാധിക്കുന്നു. എന്നാൽ പ്രൊഡക്ഷൻ കപ്പാസിറ്റി തുടർച്ചയായി ഉയരുകയും ഡിമാൻഡ് അതേ വേഗത്തിൽ വർധിക്കാതിരിക്കുകയും ചെയ്താൽ ഡിസ്റ്റിലറികളുടെ ശേഷി വിനിയോഗം കുറയാനുള്ള സാധ്യതയുണ്ട്.
ഫ്ളക്സ് ഫ്യൂവൽ വാഹനങ്ങളുടെ വ്യാപനം, വ്യാവസായിക ഉപയോഗം, കയറ്റുമതി തുടങ്ങിയ മേഖലകളിലേക്കും എഥനോൾ വിപണി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്. അതേസമയം എഥനോൾ കലർത്തൽ 20 ശതമാനത്തിന് മുകളിലേക്ക് ഉയർത്തണമെങ്കിൽ ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തരുണ്‍ കപൂർ വ്യക്തമാക്കി. നിലവിലെ വാഹനങ്ങളിൽ ഉയർന്ന എത്തനോൾ ബ്ലെൻഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക വെല്ലുവിളികൾ കണക്കിലെടുത്താണ് ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾക്ക് പ്രാധാന്യം നൽകുന്നത്.
രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും എഥനോൾ ഉൾപ്പെടെയുള്ള ബയോഫ്യൂവലുകളുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. E20 ലക്ഷ്യം കൈവരിച്ചതിന് പിന്നാലെ, എഥനോൾ മേഖലയിലെ അടുത്ത ഘട്ടം പുതിയ വിപണികൾ കണ്ടെത്തുന്നതിലും വ്യാവസായിക രംഗങ്ങളിലേക്കുള്ള ഉപയോഗം വ്യാപിപ്പിക്കുന്നതിലുമാകും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.
Content Highlights : Ethanol Beyond E20: India Eyes New Markets in Chemicals, Pharmaceuticals and Cosmetics as Surging Production Creates Fresh Demand Challenges