

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് അതീവ സുരക്ഷയില്‍ രാജ്യ തലസ്ഥാനം. 7000 സുരക്ഷ ഉദ്യോഗസ്ഥരെ ഇതിനായി ഡല്‍ഹിയില്‍ വിന്യസിച്ചു. ഗതാഗതം നിയന്ത്രിക്കാന്‍ 4800 ട്രാഫിക് പൊലീസുകാരേയും ചുമതലപ്പെടുത്തി. ഭൂമിയിലും ആകാശത്തും ഒരുപോലെ സുരക്ഷയൊരുക്കാനാണ് ഡല്‍ഹി പൊലീസിന്റെ പദ്ധതി.
ചൈന, റഷ്യ, ഇറാന്‍, യുഎഇ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കന്‍മാര്‍ ഇന്ത്യയിലെത്തുന്നതിനാല്‍ അതീവ സുരക്ഷയാണ് രാജ്യത്ത് നടപ്പാക്കുന്നത്. സിസിടിവി ക്യാമറകള്‍ക്ക് പുറമേ ഡോണ്‍ നിരീക്ഷണവും നടത്തും. വിവിഐപി നീക്കങ്ങള്‍ ജിപിഎസ് വഴി ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. വിവിഐപി റൂട്ടുകള്‍, വിദേശ രാഷ്ട്ര തലവന്മാര്‍ താമസിക്കുന്ന ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ അതീവ സുരക്ഷാവലയം തീര്‍ക്കും.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സെപ്റ്റംബര്‍ 11നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സെപ്റ്റംബര്‍ 12നും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവർക്കും ന്യൂഡല്‍ഹിയിലെ ചാണക്യപുരി മേഖലയിലെ ഹോട്ടലുകളിലാണ് താമസമൊരുക്കുക എന്നാണ് വിവരം. ഇരുനേതാക്കളും താമസിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹോട്ടലുകളില്‍ റഷ്യയുടെയും ചൈനയുടെയും സുരക്ഷാ സംഘങ്ങള്‍ ഇതിനകം എത്തിയിട്ടുണ്ട്. ആധുനിക ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളുമായാണ് സുരക്ഷാ സംഘങ്ങള്‍ എത്തിയിരിക്കുന്നത്. വിവിധ രാഷ്ട്രത്തലവന്മാര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ എല്ലാ നിലകളിലും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഉച്ചകോടി നടക്കുന്ന ഭരത് മണ്ഡപത്തിന്റെ പരിസരത്ത് എന്‍എസ്ജി, ഡല്‍ഹി പൊലീസ്, എസ്പിജി, ഇന്റലിജന്‍സ് ബ്യൂറോ എന്നിവര്‍ സംയുക്തമായി സുരക്ഷ ഒരുക്കും. ഡല്‍ഹിയിലെ 35 റോഡുകളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ മുതല്‍ തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങളോട് പരമാവധി വര്‍ക്ക് ഫ്രം ഹോം നല്‍കാനും ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Delhi goes under high security for the BRICS Summit, with 7,000 security personnel and 4,800 traffic police deployed as Putin, Xi Jinping and other global leaders arrive