

ജമ്മു കശ്മീര്‍: ലഡാക്കിന് പ്രത്യേക ഭരണഘടനാ പരിരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രതിഷേധത്തിനൊരുങ്ങി സോനം വാങ്ചുക്. ലഡാക്കിന്റെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ അനുകൂലമായ ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ ലഡാക്കില്‍ പ്രതിഷേധം സംഘടിപ്പിക്കും എന്ന് സോനം വാങ്ചുക് മുന്നറിയിപ്പ് നല്‍കി.
ലഡാക്കിലെ പ്രധാന സംഘടനകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപസമിതിയും തമ്മില്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ചര്‍ച്ചകളില്‍ വാങ്ചുക്ക് നിരാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ദേശീയ സുരക്ഷാ നിയമം പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് വാങ്ചുക്ക് ജോധ്പൂര്‍ ജയിലില്‍ ആറ് മാസം കഴിഞ്ഞിരുന്നു. ലഡാക്കിന് കൂടുതല്‍ സ്വയംഭരണാധികാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 2025 സെപ്റ്റംബര്‍ 26നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അന്ന് പ്രതിഷേധം അക്രമാസക്തമാവുകയും, നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2018ലെ മഗ്‌സസെ അവാര്‍ഡ് ജേതാവും ലഡാക്ക് സംസ്ഥാന പദവി പ്രസ്ഥാനത്തിലെ പ്രമുഖനുമായ വാങ്ചുക്ക് പ്രതിഷേധക്കാരെ സംഘര്‍ഷത്തിലേക്ക് പ്രേരിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
2026 മാര്‍ച്ചില്‍ ജയില്‍ മോചിതനായതിന് പിന്നാലെ, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വാങ്ചുക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 28 മുതല്‍ 26 ദിവസം അദ്ദേഹം അനിശ്ചിതകാല നിരാഹാര സമരവും നടത്തിയിരുന്നു.
ലേഹ് അപെക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നീ സംഘടനകളുടെ നേതാക്കള്‍ വ്യാഴാഴ്ച വൈകിട്ട് നാലിന് ന്യൂഡല്‍ഹിയിലെ ലഡാക്ക് ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് വാങ്ചുക്ക് എക്‌സ് പോസ്റ്റില്‍ അറിയിച്ചു. സെപ്റ്റംബര്‍ 9ന് നടന്ന ഉപസമിതി തല ചര്‍ച്ചയില്‍ നേതാക്കള്‍ തികച്ചും നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sonam Wangchuk has warned of fresh protests in Ladakh from September 19 to 24 if the Centre fails to provide assurances on the region’s demands for constitutional safeguards