'വോഡഫോണ്‍ പരസ്യത്തിലെ പഗിനെ പോലെ ഭാര്യ ഭര്‍ത്താവിന് പിന്നാലെ നടക്കേണ്ടതില്ല': മദ്രാസ് ഹൈക്കോടതി

ഭര്‍ത്താവ് വിവാഹ ജീവിതത്തിലെ തന്റെ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് കുടുംബകോടതി വിവാഹമോചന ഹര്‍ജി തള്ളിയത്

'വോഡഫോണ്‍ പരസ്യത്തിലെ പഗിനെ പോലെ ഭാര്യ ഭര്‍ത്താവിന് പിന്നാലെ നടക്കേണ്ടതില്ല': മദ്രാസ് ഹൈക്കോടതി
dot image

ചെന്നൈ: ഭര്‍ത്താവ് എവിടെ പോയാലും വോഡഫോണ്‍ പരസ്യത്തിലെ പഗിനെ പോലെ ഭാര്യ പിന്നാലെ നടക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ഭാര്യയെ ഒപ്പം കൂട്ടാതെ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നും മുംബൈയിലേക്ക് ജോലിക്കായി പോയെന്ന കാരണം കാട്ടി കുടുംബകോടതി വിവാഹമോചനം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഹര്‍ജിക്കാരനായ 67കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ജീവിതത്തിലെ എല്ലാഘട്ടത്തിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ജീവിക്കണമെന്ന രീതി ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നല്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേകിച്ച് ജോലി സംബന്ധമായ വിഷയങ്ങളില്‍, സാഹചര്യങ്ങള്‍ അല്ലെങ്കില്‍ വ്യക്തപരമായ ഉത്തരവാദിത്തങ്ങള്‍ ജോലിയെ ബാധിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജി ആര്‍ സ്വാമിനാഥനും എം ഡി സുമതിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

ഭര്‍ത്താവ് സൈനികനാണ് എങ്കില്‍ സൈനിക ക്യാമ്പുകളില്‍ കുടുംബം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന ഉദാഹരണവും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ഭാര്യയ്ക്ക് സ്വന്തമായി ജോലിയോ മറ്റ് ഉത്തരവാദിത്തങ്ങളോ ഉണ്ടാകില്ലേയെന്നും കോടതി ചോദിച്ചു. അതിനാല്‍ ഒരു ഭാര്യ വോഡഫോണ്‍ പരസ്യത്തിലെ പഗിനെ പോലെ പെരുമാറണമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഭര്‍ത്താവ് വിവാഹ ജീവിതത്തിലെ തന്റെ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് കുടുംബകോടതി വിവാഹമോചന ഹര്‍ജി തള്ളിയത്. 1992 സെപ്തംബറില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ഭര്‍ത്താവിന് 67വയസാണ് പ്രായം. 16വര്‍ഷമായി ദമ്പതികള്‍ അകന്നു കഴിയുകയാണ്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് ആരോപിക്കുന്നുണ്ട്.


ലൈംഗികാഭിലാഷത്തെ മറികടക്കുക എന്നത് ഒരാളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രായോഗികമല്ലാത്ത കാര്യമാണെന്നും പോകുന്നിടത്തെല്ലാം ഭാര്യയെയും കൂടെ കൂട്ടേണ്ടത് ഭര്‍ത്താവിന്റെ കടമയാണെന്നുമാണ് കുടുംബ കോടതി നിരീക്ഷിച്ചത്. ഈ ഉത്തരവ് തീവ്ര ഫെമിനിസ്റ്റുകള്‍ വിപ്ലവകരം എന്ന് വിശേഷിപ്പിക്കാം എന്നാല്‍ ഹൈക്കോടതിക്ക് അങ്ങനെ കാണാനാകില്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ഒന്നിച്ച് പോകാന്‍ കഴിയാത്തതിനാല്‍ വിവാഹ മോചനം അനുവദിച്ച കോടതി പക്ഷേ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന ഹർജിക്കാരന്റെ ആരോപണം തള്ളിക്കളഞ്ഞു.

Content Highlights: The Madras High Court observed that a wife is not required to follow her husband like the pug in a Vodafone advertisement. The court made the remark while discussing marital relationships and the importance of equality between spouses

dot image
To advertise here,contact us
dot image