

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി പിളര്‍ന്നുവെന്ന വാര്‍ത്ത തള്ളി അഭിജിത് ദീപ്‌കെ. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ദീപ്‌കെയുടെ പ്രതികരണം. സിജെപി ഡി എന്ന പേരില്‍ സിജെപിയുടെ വോളന്റിയര്‍ ആയിരുന്ന മനീഷ് ബ്രഹ്മ്ഭട്ടാണ് പുതിയ കൂട്ടായ്മ രൂപീകരിക്കുന്നതായി അറിയിച്ചത്. എന്നാല്‍ മനീഷ് ബ്രഹ്മ്ഭട്ടിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് 'മഹേഷ് ഭട്ട്' സംവിധായകനും നിര്‍മാതാവുമാണെന്ന് പറഞ്ഞ് ചിരിക്കുകയാണ് ദീപ്‌കെ ചെയ്തത്.
അഭിജിത് ദീപ്‌കെ നയിക്കുന്ന സിജെപി ആം ആദ്മി പാര്‍ട്ടിയുടെ കരുക്കള്‍ അനുസരിച്ചാണ് നീങ്ങുന്നതെന്നാണ് വിമതരുടെ ആരോപണം. സിജെപി വോളന്റിയറായിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തില്‍ CJP-D(കോക്രോച്ച് ജനതാ പാര്‍ട്ടി ഡെമോക്രാറ്റിക്ക്) എന്ന പുതിയ കൂട്ടായ്മയാണ് രൂപീകരിച്ചത്.
യുവാക്കള്‍ അവരുടെ ചോരയും വിയര്‍പ്പും ഒഴുക്കിയാണ് സിജെപിയെ വളര്‍ത്തിയത്. സംഘടനയുടെ ശക്തമായി മുന്നോട്ടു പോകുമ്പോള്‍ അതിനെ വില്‍ക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്തു. ഇപ്പോള്‍ സിജെപി ടീം കെജ്‌രിവാളായി. ജന്തര്‍മന്തറില്‍ പ്രതിഷേധത്തിനെത്തിയ ആരെയും പരിഗണിക്കാതെ സ്വന്തം വീടുകളിലെ സുഖസൗകര്യങ്ങളിലിരുന്ന് 12 അംഗ നേതൃസംഘത്തെ നിശ്ചയിക്കുകയാണ് സിജെപി നേതാക്കള്‍ ചെയ്തതെന്നും വിമത വിഭാഗം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
പ്രസ്ഥാനത്തിന്റെ വിജയകരമായ പോരാട്ടത്തിന് ശേഷം വോളന്റിയര്‍മാരെയോ പ്രതിഷേധക്കാരെയോ ഒരു കാര്യത്തിനും ക്ഷണിക്കുകയോ സമീപിക്കുകയോ ചെയ്തിട്ടില്ല. ആരുടെയും അഭിപ്രായങ്ങള്‍ ചോദിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ കൂടിയും ഒരു വിവരവും ആരെയും അറിയിച്ചില്ല. നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡത്തെ കുറിച്ചുപോലും ചര്‍ച്ച ഉണ്ടായില്ല. ഇതിന് പകരം ആം ആദ്മിയുമായി ബന്ധമുള്ള എട്ടുപേരും ഒരു പെണ്‍ സുഹൃത്തും കോളേജിലെ സുഹൃത്തുക്കളും അടങ്ങുന്ന ഒരു നേതൃസംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. സിജെപി നേതൃത്വം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് പോലെ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്നും പുതിയ കൂട്ടായ്മയുടെ സ്ഥാപകന്‍ മനീഷ് ബ്രഹ്മ്ഭട്ട് ആരോപിച്ചു.
നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന തീരുമാനം ഏകപക്ഷീയമാകരുതെന്ന ആഗ്രഹം വിമത വിഭാഗം അറിയിച്ചിരുന്നെങ്കിലും അവയെല്ലാം തള്ളിയാണ് തീരുമാനമുണ്ടായതെന്നും നീഷ് ബ്രഹ്മ്ഭട്ട് ആരോപിക്കുന്നുണ്ട്. ഇത്തരമൊരു സംഘത്തെ രൂപീകരിച്ചതിന് പിന്നിലും അരവിന്ദ് കെജ്‌രിവാളാണെന്നും ആരംഭത്തിലെ സംശയം ഉണര്‍ത്തുന്ന രീതിയിലാണ് കെജ്‌രിവാളിന്റെ പ്രവര്‍ത്തിയെന്നും ഭട്ട് പറയുന്നു. സിജെപി പ്രതിഷേധത്തിന് വലിയ പ്രാധാന്യം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ സോനം വാങ്ചുക്കിന്റെ നിരാഹാര സമരമാണ് വലിയ സ്വാധീനമുണ്ടാകാന്‍ കാരണമായത്. ഇതാണ് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് കാരണമായതും. എന്നാല്‍ പിന്നീട് സംഘടനയെ രാഷ്ട്രീയവത്കരിക്കയായിരുന്നു എന്നും ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.
'സിജെപി സ്ഥാപിക്കപ്പെടുമ്പോള്‍ അതിനൊരു മുഖമില്ലായിരുന്നു. ആരാണ് അതിന് പിന്നിലെന്ന് ആരും അറിഞ്ഞില്ല. ആളുകള്‍ പിന്തുണയ്ക്കാന്‍ ആരംഭിച്ചപ്പോള്‍ ദീപ്‌കെ അതിന്റെ മുഖമായി മാറി. ആ മുഖം കണ്ടല്ല ആളുകള്‍ സംഘടനയുടെ ഭാഗമായത്. ചീഫ് ജസ്റ്റ്റ്റിസ് യുവാക്കളെ തൊഴിലില്ലാത്തവരെന്നും ആര്‍ടിഐ ആക്ടിവിസ്റ്റുകളെ 'പാറ്റകള്‍' എന്നും പരാമര്‍ശിച്ചതിന് പിന്നാലെ ഉടലെടുത്ത പ്രതിഷേധവും അമര്‍ഷവുമാണ് ലക്ഷകണക്കിന് പേരെ ഈ പ്രസ്ഥാനത്തിലേക്ക് നയിച്ച'തെന്നും ഭട്ട് അഭിപ്രായപ്പെട്ടു.
Content Highlights: Abhijeet Dipke rejected claims regarding a split in CJP and responded to reports involving Manish Brahmabhatt