

ന്യൂഡല്‍ഹി: ദളിത് വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ മര്‍ദ്ദിച്ച ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്ന ഡൽഹി ഡിസിപിക്കെതിരെ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ഡല്‍ഹി ഡിസിപി സച്ചിന്‍ ശര്‍മയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ദീപ്‌കെ ആവശ്യപ്പെട്ടത്.
നിഷു ആസാദ് എന്ന വിദ്യാര്‍ത്ഥിനി തന്റെ പിതാവിന് നേരെയുണ്ടായ അതിക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് പൊലീസുകാരോട് അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല. സംഘി ഗുണ്ടകള്‍ ഇപ്പോഴും സ്വതന്ത്രരായി വിലസുകയാണ്. ഇത്തരമൊരു കുറ്റം നടക്കാന്‍ കാരണക്കാരനായ ഡിസിപി സച്ചിന്‍ ശര്‍മ്മയ്ക്ക് എതിരെ നിയമനടപടി വേണമെന്നും അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു അഭിജീതിൻ്റെ പ്രതികരണം.
ഡിസിപി ഒരു കറകളഞ്ഞ സംഘിയാണെന്നും ദീപ്‌കെ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് സംഘി ഗുണ്ടകളെ ജയിലഴിക്കുള്ളിലാക്കാത്തത് എന്ന് അദ്ദേഹം വിശദീകരിക്കണം. സച്ചിന്‍ ശര്‍മ്മ ഒരു സംഘി ആയതാണോ അതിന് കാരണമെന്നും അദ്ദേഹത്തിന്റെ വകുപ്പിലുള്ളവര്‍ തന്നെ തന്നോട് അങ്ങനെയാണ് പറയുന്നതെന്നും ദീപ്‌കെ പറഞ്ഞു.
പ്രതിഷേധക്കാരിലൊരാളുടെ പിതാവിന്റെ തലയടിച്ച് പൊളിച്ചെന്നും ഡൽഹി മന്ത്രി കപിൽ മിശ്ര ഉൾപ്പെടെയുള്ളവരുടെ സംരക്ഷണമുള്ളതിനാൽ താൻ ജയിലിൽ പോയിട്ടില്ലെന്നും പരസ്യമായി അവകാശപ്പെട്ട് ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സിജെപി രംഗത്തെത്തിയിരുന്നു. പ്രതികളെ സംരക്ഷിക്കാൻ ഡൽഹി പൊലീസ് ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കുകയാണെന്നായിരുന്നു സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞത്. നീതിനിർവ്വഹണം തടസപ്പെടുത്തിയ കപിൽ മിശ്രയെ കേസിൽ പ്രതിയാക്കണമെന്നും സൗരവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായി സിജെപി രംഗത്തെത്തിയിരുന്നു. സിജെപിയുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കിയ പൊലീസ് സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Content Highlights: Abhijeeth Dipke has demanded legal action against DCP Sharma over remarks related to alleged activities of goons. The statement has triggered a political controversy