അനുമതി നിഷേധിച്ചു; രാഹുൽ ഗാന്ധിയുടെ ഇൻഡോറിലെ 'ഛത്രോം കി ഗൂഞ്ച്' പരിപാടി സെപ്റ്റംബർ 19 ലേക്ക് മാറ്റി

ഛത്രോം കി ഗൂഞ്ചിന് ഇന്‍ഡോറിലെ സ്‌റ്റേഡിയം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു

അനുമതി നിഷേധിച്ചു; രാഹുൽ ഗാന്ധിയുടെ ഇൻഡോറിലെ 'ഛത്രോം കി ഗൂഞ്ച്' പരിപാടി സെപ്റ്റംബർ 19 ലേക്ക് മാറ്റി
dot image

ഇൻഡോർ: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു. സെപ്റ്റംബര്‍ 12ന് ഇന്‍ഡോറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന 'ഛത്രോം കി ഗൂഞ്ച്' പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. ഛത്രോം കി ഗൂഞ്ചിന് ഇന്‍ഡോറിലെ സ്‌റ്റേഡിയം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. രാഷ്ട്രീയ പരിപാടികള്‍ക്ക് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിട്ടു നല്‍കരുതെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതോടെ പരിപാടി സെപ്റ്റംബര്‍ 19 ലേക്ക് മാറ്റിവച്ചതായി കോണ്‍ഗ്രസ് ബുധനാഴ്ച അറിയിക്കുകയായിരുന്നു. പുതിയ വേദി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത് പേടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ജിതു പട്വാരി ഇക്കാര്യം അറിയിച്ചത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ 'ഛത്രോണ്‍ കി ഗൂഞ്ച്' നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 12ലെ പരിപാടി സെപ്റ്റംബര്‍ 19ലേക്ക് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 12 ലെ പരിപാടിക്ക് സ്റ്റേഡിയം ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പട്വാരി മുഖ്യമന്ത്രി മോഹന്‍ യാദവിന് നേരത്തെ കത്തെഴുതിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പരിപാടി സാധാരണ രാഷ്ട്രീയ പരിപാടിയല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി, യുവാക്കളുടെ സ്വപ്നങ്ങള്‍, വിദ്യാഭ്യാസത്തിനുള്ള അവകാശം, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പൊതു സംവാദമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് നിഷേധിച്ചതില്‍ കടുത്ത അതൃപ്തിയും കോണ്‍ഗ്രസ് രേഖപ്പെടുത്തി.

Content Highlights: Permission was denied for Rahul Gandhi's ‘Chhatron Ki Goonj’ programme in Indore, following which the event was rescheduled to September 19.

dot image
To advertise here,contact us
dot image