

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഒരു കര്‍ഷക തൊഴിലാളി സ്ത്രീക്ക് നല്‍കിയ സമ്മാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അന്‍പതിനായിരം രൂപ വിലമതിക്കുന്ന സണ്‍ഗ്ലാസ് ആണ് വിജയ് ചെല്ലം എന്ന കര്‍ഷക തൊഴിലാളിക്ക് സമ്മാനമായി നല്‍കിയത്. സേലം ജില്ലയിലെ മേട്ടൂര്‍ അണക്കെട്ട് കൃഷിക്കായി തുറന്നുകൊടുക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മടക്കയാത്രയില്‍ വഴിയില്‍ കണ്ട കര്‍ഷക തൊഴിലാളികളുമായി വിജയ് സംവദിച്ചു. ഇതിനിടെയാണ് ചെല്ലത്തെ വിജയ് കാണുന്നത്. സ്‌നേഹത്തോടെ വിജയ്‌യെ ചെല്ലം സ്വീകരിച്ചു. കര്‍ഷക തൊഴിലാളികളോട് യാത്ര മടഞ്ഞ് പോകുന്നവഴിക്കായിരുന്നു ചെല്ലത്തിന് വിജയ് സമ്മാനമായി സണ്‍ഗ്ലാസ് നല്‍കിയത്.
തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. സേലത്തെ ചടങ്ങ് കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു വിജയ്. ഇതിനിടെ പാടത്ത് ഒരുകൂട്ടം പ്രായമായ കര്‍ഷക തൊഴിലാളികള്‍ പണിയെടുക്കുന്നത് വിജയ് കണ്ടു. വിജയ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയും തൊഴിലാളികളുടെ അടുത്തേയ്ക്ക് എത്തുകയും ചെയ്തു. വിജയ് പ്രദേശത്തിലൂടെ കടന്നുപോകുമെന്ന് അറിഞ്ഞ് ഒന്നു കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു ചെല്ലം എന്ന കര്‍ഷക തൊഴിലാളി. വിജയ്‌യെ കണ്ടതും ചെല്ലം മുന്നോട്ടുവരികയും വിജയ്‌യെ ചേര്‍ത്തുപിടിക്കുകയും ചെയ്തു.
ഭക്ഷണം പോലും കഴിക്കാതെയായിരുന്നു ചെല്ലം വിജയ്ക്കായി കാത്തുനിന്നത്. ഭക്ഷണം കഴിച്ചോ എന്ന് വിജയ് തന്നോട് ചോദിച്ചതായി ചെല്ലം പിടിഐയോട് പറഞ്ഞു. ഭക്ഷണം കഴിച്ചില്ലെന്നും താങ്കളെ കാണാന്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു മറുപടി പറഞ്ഞതെന്നും ചെല്ലം പറഞ്ഞു. വിജയ്‌യെ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ഇത് എന്നും ഓര്‍മ്മില്‍ ഉണ്ടാകുമെന്നും ചെല്ലം പറഞ്ഞു.
കര്‍ഷക തൊഴിലാളികള്‍ക്കൊപ്പം ഏറെ സമയം വിജയ് ചെലവഴിച്ചു. ഈ സമയമത്രയും ചെല്ലം വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. ചെല്ലത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും വിജയ് ചോദിച്ചറിഞ്ഞു. പോകുന്നവഴിക്കാണ് ചെല്ലത്തിന് തന്റെ കൈവശമുണ്ടായിരുന്ന സണ്‍ഗ്ലാസ് വിജയ് നല്‍കിയത്. ചെല്ലത്തിനെ വിജയ് സണ്‍ഗ്ലാസ് ധരിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Content Highlights- Actor Vijay shared an emotional moment with a fan who reportedly waited without eating to meet him. Vijay embraced the fan, affectionately called Chellam, and gifted a pair of sunglasses said to be worth Rs 50,000.