

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിജെപി നേതാക്കള്‍ റീലുകള്‍ നിര്‍മിക്കുന്ന തിരക്കിലാണെന്ന വിമര്‍ശനവുമായി എംഎല്‍എ രംഗത്ത്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ സ്വന്തം പ്രമോഷന്‍ നടത്തുന്ന തിരക്കിലാണെന്നും അത് മൂലം സംസ്ഥാനത്ത് വീണ്ടും സിപിഐഎം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുകയാണെന്നുമാണ് എംഎല്‍എ ഉയര്‍ത്തിയിരിക്കുന്ന വിമർശനം. ബംഗാളിലെ ബംഗുര ജില്ലയിലെ ഒണ്ട നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ അമര്‍നാഥ് സഖ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. താന്‍ വര്‍ഷങ്ങളായി ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്നും എന്നാല്‍ തെറ്റ് കണ്ടാല്‍ ഇനിയും മിണ്ടാതിരിക്കാന്‍ ആകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.
'ഞാന്‍ ആരെയും പ്രീതിപ്പെടുത്താന്‍ ശ്രമിക്കാറില്ല. എനിക്ക് തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളോട് ഞാന്‍ പ്രതിഷേധിക്കും. അത് കാരണം എനിക്ക് ധാരാളം ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. അത് എനിക്ക് പ്രശ്‌നമല്ല' എന്നായിരുന്നു ബംഗ്ലാ ഭാഷയില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ സഖ പറഞ്ഞത്. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെ ഇടത് പാര്‍ട്ടികള്‍ പ്രകോപനപരമായി ഇടപെടുകയാണെന്നും അവര്‍ സര്‍ക്കാരിനെ സംബന്ധിച്ച് ജനങ്ങളില്‍ തെറ്റ്ധാരണ പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'സിപിഐഎം, സിപിഐ, ആള്‍ ഇന്ത്യ ഫോര്‍വോഡ് ബ്ലോക്ക്, ആള്‍ ഇന്ത്യ സെക്യുലര്‍ ഫ്രെണ്ട് എന്നിവയാണ് ബംഗാളിലെ ഇടതുപക്ഷ പാര്‍ട്ടികള്‍. ഇവരുടെ പ്രചരണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കാര്‍ക്കും സാധിക്കുന്നില്ല. സിപിഐഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നതിനും ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനും പകരം ബിജെപി നേതാക്കള്‍ സ്വയം പ്രചാരണത്തില്‍ മുഴുകിയിരിക്കുക'യാണെന്ന് അദ്ദേഹം ആരോപിച്ചു.
ഉണര്‍ന്ന നിമിഷം മുതല്‍ ഉറങ്ങാന്‍ പോകുന്നതുവരെ അവര്‍ സ്വയം പ്രചാരണത്തില്‍ മുഴുകിയിരിക്കുകയാണ്. സിപിഐഎമ്മിന് എതിരെ ഒരു പ്രതിഷേധവുമില്ല എന്നും ബിജെപി എംഎൽഎ പ്രതികരിച്ചു. 'ഇവിടെ എല്ലാവരും റീലുകള്‍ ഉണ്ടാക്കുന്നതിലും, അനുയായികളെ നേടുന്നതിലും, ആരാധക ക്ലബ്ബുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലും തിരക്കിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ വ്യക്തിപരമായ നേട്ടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ആരോപണമു'ണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിരിക്കുന്നു. എന്നാല്‍ ഇനി നേതാക്കളുടെ വയറ് നിറയുന്നത് വരെ പാര്‍ട്ടി നശിച്ചു പൊയ്‌ക്കൊള്ളട്ടെ എന്ന രൂക്ഷ വിമര്‍ശനവും സഖ ഉന്നയിച്ചു. 'മുമ്പ് അവര്‍ എന്തായിരുന്നു, ഇപ്പോള്‍ എന്തായി?' എന്ന് ചോദിച്ചുകൊണ്ട് അത്തരം നേതാക്കളുടെ സംഘടനയോടുള്ള പ്രതിബദ്ധതയെ അദ്ദേഹം ചോദ്യം ചെയ്തു.'ഈ നേതാവിന്റെയോ ആ നേതാവിന്റെയോ അനുയായികളാകുന്നതിനുപകരം, ആദ്യം പാര്‍ട്ടിയുടെ അനുയായികളാകുക. നേതാക്കള്‍ വന്നുപോകും, പക്ഷേ പാര്‍ട്ടി നിലനില്‍ക്കും,' എന്നായിരു പ്രവര്‍ത്തകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ചും എംഎല്‍എ പരാമര്‍ശിച്ചു. തന്റെ ജീവിതത്തെയും യുവത്വത്തെയും കുടുംബത്തെയും പ്രിയപ്പെട്ടവരെയും മാറ്റിവെച്ച് ബിജെപിക്ക് വേണ്ടി സ്വയം സമര്‍പ്പിച്ചു. 34 വര്‍ഷത്തെ സിപിഐഎം രക്തച്ചൊരിച്ചിലും ഭീകരതയും, തൃണമൂല്‍ കോണ്‍ഗ്രസിന്റെ അതിക്രമങ്ങളും താന്‍ സഹിച്ചു. പക്ഷെ ആളുകള്‍ ഞങ്ങളെ വിശ്വസിച്ചു. എന്നും അദ്ദേഹം എഴുതി.
പാര്‍ട്ടിയിലെ ചില വിഭാഗങ്ങള്‍ സ്വയം സമ്പന്നമാക്കുന്നതിലും പ്രമോട്ടുചെയ്യുന്നതിലും തിരക്കിലാണെന്ന സാഖയുടെ ആരോപണത്തിന് സമാനമായ ആരോപണങ്ങൾ സാമിക് ഭട്ടാചാര്യ പോലുള്ള മുതിര്‍ന്ന സംസ്ഥാന ബിജെപി നേതാക്കളും ഉയര്‍ത്തിയിരുന്നു. നിരവധി സംസ്ഥാനങ്ങളിലെ ജെന്‍ സി പ്രതിഷേധങ്ങളെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇടപെടല്‍ വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കളോട് ബിജെപി നേതൃത്വം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ അതിനെതിരെ പടയൊരുക്കം പുറത്തു വന്നിരിക്കുന്നത്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ എഴുതുന്നതിനുപകരം സഖാ തന്റെ ആശങ്കകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കണമെന്ന് ഒരു മുതിര്‍ന്ന ജില്ലാ ബിജെപി നേതാവ് പോസ്റ്റിനോട് പ്രതികരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അദ്ദേഹം ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവാണ്. അദ്ദേഹം തന്റെ അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറയണം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വളരെ പ്രധാനമാണ്, ഞങ്ങള്‍ അവ പരിശോധിക്കും. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബംഗാളിലെ ഇടതുമുന്നണി യുവ നേതാക്കളെ മുന്‍നിര്‍ത്തിയും തെരുവില്‍ പ്രചാരണങ്ങള്‍ ശക്തമാക്കിയും സംഘടനാപരമായ പുനരുജ്ജീവനത്തിന് ശ്രമിക്കുന്നതിനിടെയാണ് സാഖയുടെ വിമര്‍ശനം. എന്നിരുന്നാലും, ഈ പുനരുജ്ജീവനം ഇതുവരെ ഒരു തെരഞ്ഞെടുപ്പ് നേട്ടമായി മാറിയിട്ടില്ല. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യത്തിന് രണ്ട് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ, അതേസമയം 2021 നും 2026 നും ഇടയില്‍ അവരുടെ വോട്ട് വിഹിതം ഏകദേശം 4 ശതമാനം കുറഞ്ഞു.
Content Highlights: BJP MLA Amarnath Sakha has criticised West Bengal party leaders for allegedly prioritising reels and personal promotion over strengthening the organisation. The Ondda MLA claimed that the trend is creating space for the CPM and other Left parties to regain ground in the state.