

പട്‌ന: നേപ്പാള്‍ പ്രളയത്തിന് പിന്നാലെ അതിര്‍ത്തി നദികളിലൂടെ ബിഹാറിലേക്ക് ഒഴുകിയെത്തുന്ന മത്സ്യങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്. മത്സ്യങ്ങള്‍ക്ക് അസാധാരണമായ വലിപ്പമുണ്ടെന്നും ഇത് കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നുമാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള മത്സ്യങ്ങള്‍ വില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ക്ഷീര, മത്സ്യ, ഫിഷറീസ് വകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 'നേപ്പാളില്‍ പ്രളയ ജലത്തിലൂടെ ഒഴുകിയെത്തുന്ന മത്സ്യങ്ങള്‍ പിടികൂടുകയോ കഴിക്കുകയോ ചെയ്യരുത്. ഇത് വില്‍പ്പന നടത്താനും പാടില്ല. ഇത്തരത്തില്‍ പിടികൂടിയ മത്സ്യം കഴിച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടായതായി വിവരം ലഭിട്ടുണ്ട്', ക്ഷീര, മത്സ്യ, മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
നേപ്പാളില്‍ നിന്നുള്ള പ്രളയജലം പ്രധാനമായും ഒഴുകിയെത്തുന്നത് ബിഹാറിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്കാണ്. ഇങ്ങനെ ഒഴുകിയെത്തുന്ന വെള്ളത്തിലാണ് അസാധാരണ വലിപ്പമുള്ള മീനുകളെ കണ്ടെത്തിയത്. ചമ്പാരന്‍ ജില്ലയിലുള്ള ഗോപാല്‍ഗഞ്ച്, ബഗാഹ, സാരന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ അസാധാരണ വലിപ്പമുള്ള മത്സ്യങ്ങള്‍ ഒഴുകിയെത്തുകയും പ്രദേശവാസികള്‍ അവയെ പിടികൂടുകയും ചെയ്തിരുന്നു. ഡോള്‍ഫിനോട് രൂപസാദൃശ്യമുള്ള അപൂര്‍വയിനത്തില്‍പ്പെട്ട ബരാലി, ഗോയിത അടക്കമുള്ള മത്സ്യങ്ങളാണ് പിടികൂടിയവയില്‍ അധികവും. ഇതിന് ഏകദേശം 27 മുതല്‍ 45 കിലോഗ്രാം വരെ തൂക്കമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത് കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായും പ്രദേശവാസികള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ മത്സ്യങ്ങളെ പിടികൂടരുതെന്ന് കാണിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മത്സ്യങ്ങളെ പിടികൂടുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ക്ഷീര, മത്സ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി നന്ദ് കിഷോര്‍ റാമും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രളയ ജലത്തില്‍ മനുഷ്യ, മൃഗശരീരങ്ങളും മാലിന്യങ്ങളും കലര്‍ന്നിട്ടുണ്ടെന്നും ഇതിലൂടെ രോഗാണുക്കളും വൈറസും മത്സ്യങ്ങളില്‍ പരടാന്‍ സാധ്യതയേറെയാണെന്നും സര്‍ക്കാര്‍ പറയുന്നു. മത്സ്യം കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടവര്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അസാധാരണ വലിപ്പമുള്ള മത്സ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ പ്രാദേശിക ഭരണകൂടത്തെയോ ജില്ലാ ഫിഷറീസ് ഓഫീസറെയോ വിവരം അറിയിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Content Highlights- Following floods in Nepal, the Bihar government issued a public warning advising people not to consume fish showing unusual size. The advisory was issued as a precaution related to food safety and public health.