

സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഏകോപനത്തിനായി സൗദി അറേബ്യയിൽ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥാപിക്കാൻ തീരുമാനം. ഇസ്താംബൂളിൽ ചേർന്ന ആദ്യ തന്ത്രപ്രധാന രാഷ്ട്രീയ-പ്രതിരോധ സമിതി യോഗത്തിലാണ് ഈ സുപ്രധാന ധാരണയായത്. സെക്രട്ടേറിയറ്റിന്റെ ആദ്യ സെക്രട്ടറി ജനറലിനെ പാകിസ്താൻ നാമനിർദ്ദേശം ചെയ്യുമെന്നും മൂന്ന് വർഷമായിരിക്കും ഈ പദവിയുടെ കാലാവധിയെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മൂന്ന് സുഹൃദ് രാജ്യങ്ങൾക്കുമിടയിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുക, കൂട്ടായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, സൈനിക-സാങ്കേതിക രംഗങ്ങളിലെ ഏകോപനം ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഉച്ചകോടി തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കാനും ഈ സെക്രട്ടേറിയറ്റ് സഹായിക്കും.
നിലവിലുള്ള പ്രതിരോധ കൂട്ടായ്മ ഭാവിയിൽ കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും മൂന്ന് രാജ്യങ്ങളും ചേർന്ന് പരിശോധിക്കുന്നുണ്ട്. സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്ന കൂടുതൽ രാജ്യങ്ങളെ വരുംനാളുകളിൽ ഈ പ്രതിരോധ സഖ്യത്തിലേക്ക് ഉൾപ്പെടുത്തിയേക്കും. മക്ക കരാറിലെ വ്യവസ്ഥകൾ കൃത്യമായി പാലിച്ചുകൊണ്ട് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ നീക്കം വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Member states are set to establish a permanent secretariat in Saudi Arabia to improve coordination under the Makkah Defence Pact. The move is expected to strengthen cooperation and facilitate joint activities among participating countries.