രക്ഷാബന്ധൻ ആഘോഷിക്കാൻ ഒത്തുകൂടി; കാർ ഇടിച്ചുകയറി മൂന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ

സംഭവത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

രക്ഷാബന്ധൻ ആഘോഷിക്കാൻ ഒത്തുകൂടി; കാർ ഇടിച്ചുകയറി മൂന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ
dot image

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ സഹോദരങ്ങള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഹരിയാനയിലെ ഫരീദാബാദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിനായി നാല് സഹോദരങ്ങളാണ് ഒത്തുകൂടിയത്. ആഘോഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കെ നാല് പേര്‍ക്ക് ഇടയിലേക്ക് ഫോര്‍ച്യൂണര്‍ ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിനായി സഹോദരന്‍ അഖിലേഷിന്റെ ഫരീദാബാദിലെ വീട്ടില്‍ എത്തിയതായിരുന്നു സഹോദരങ്ങളായ അവദേഷ്, സരോജ്, രാജ്കുമാരി എന്നിവര്‍. ഫരീദാബാദില്‍ നിന്ന് 31 കിലോമീറ്റര്‍ ദൂരെയുള്ള പല്‍വാലിലാണ് അവദേഷും സരോജും രാജ്കുമാരിയും താമസിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ ഇവര്‍ അഖിലേഷിന്റെ വീട്ടിലെത്തി. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് ശേഷം ശനിയാഴ്ച രാവിലെ നാട്ടിലേക്ക് പോകുന്നതിനായി മൂന്ന് പേരും ബസ് സ്റ്റോപ്പില്‍ എത്തി. ഇവരെ യാത്രയാക്കുന്നതിനായി അഖിലേഷും ഒപ്പം ഉണ്ടായിരുന്നു. ബസ്സിനായി പതിനഞ്ച് മിനിറ്റോളം അവര്‍ കാത്തുനിന്നു. ഇതിനിടെ അമിത വേഗത്തില്‍ എത്തിയ ഫോര്‍ച്യൂണര്‍ ഇവര്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അഖിലേഷും അവദേഷും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കറ്റ സരോജിനെയും രാജ്കുമാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30 ഓടെ സരോജ് മരിച്ചു.

സംഭവത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 281, 125എ, 106(1) വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights- Three siblings died after a car crashed into a group of people who had gathered for Raksha Bandhan celebrations

dot image
To advertise here,contact us
dot image